പ്രതിച്ഛായ മാറ്റിയെടുക്കാൻ യോഗി? ഇറച്ചിക്കടകള്‍ നിര്‍ബന്ധിച്ച് അടപ്പിച്ച ഗോരക്ഷാ തലവനെ പോലീസ് അറസ്റ്റ് ചെയ്തു

single-img
24 September 2017

ലഖ്‌നൗ: യു.പിയില്‍ നവരാത്രി ആഘോഷങ്ങളുടെ പേരുപറഞ്ഞ് ഇറച്ചിക്കടകള്‍ നിര്‍ബന്ധപൂര്‍വം അടപ്പിച്ച ഗോരക്ഷാദള്‍ തലവനെ അറസ്റ്റ് ചെയ്തു. ഗോരക്ഷാദള്‍ തലവനായ വേദ് നാഗര്‍ എന്നയാളെയാണ് യു.പി പൊലീസ് ഗ്രേയ്റ്റര്‍ നോയിഡയിലെ ഇറച്ചിക്കടകള്‍ അടപ്പിച്ചതിനു അറസ്റ്റ് ചെയ്തത്.

നവരാത്രി ആഘോഷങ്ങളുടെ പേര് പറഞ്ഞ് നൂറ് കണക്കിന് ഇറച്ചിക്കടകളായിരുന്നു ഗോരക്ഷകരും ഹിന്ദുയുവവാഹിനി പ്രവര്‍ത്തകരും ശിവസേനക്കാരും ചേര്‍ന്ന് അടപ്പിച്ചത്. കടയടക്കാന്‍ തയ്യാറാകാത്തവരെ ഭീഷണിപ്പെടുത്തുകയും നവരാത്രി ആഘോഷങ്ങള്‍ തീരുന്നതുവരെ കടകള്‍ തുറക്കാന്‍ പാടില്ലെന്ന നോട്ടീസും നല്‍കുകയായിരുന്നു ഇവര്‍.

അച്ചേജ ഗ്രാമത്തില്‍ വെച്ചാണ് വേദ് നാഗറിനെ അറസ്റ്റ് ചെയ്തതെന്നും ഐ.പി.സി 151 വകുപ്പ് പ്രകാരം കേസെടുത്തതായും പൊലീസ് അറിയിച്ചു.

കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കരുതെന്ന നിര്‍ദേശമുണ്ടായിട്ടും വേദ് നഗറും സംഘവും വീണ്ടും സംഘം കടകള്‍ അടപ്പിക്കുകയായിരുന്നെന്നും നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ലഭിച്ചിരുന്നുവെന്നും നോയിഡ പൊലീസ് പി.ആര്‍.ഒ മനീഷ് സക്‌സേന പറഞ്ഞു.