തോമസ് ചാണ്ടിക്കെതിരെ നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം ആവശ്യമെന്ന് ചെന്നിത്തല

single-img
24 September 2017

തിരുവനന്തപുരം: തോമസ് ചാണ്ടിക്കെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. തോമസ് ചാണ്ടിക്കെതിരെ നടപടിയ്ക്ക് ഇനിയും വൈകരുത്. നിഷ്പക്ഷവും നീതിപൂര്‍വവുമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശരിയായ അന്വേഷണം നടക്കുന്നതിന് മന്ത്രി സ്ഥാനത്ത് തുടരുന്നത് തടസമാണ്. എന്നാല്‍ പാര്‍ട്ടി സെക്രട്ടറിയായ കോടിയേരി ഇതിനെ ന്യായീകരിക്കുകയും മുഖ്യമന്ത്രി മൗനം പാലിക്കുകയുമാണെന്നും ചെന്നിത്തല പറഞ്ഞു. കളവ് ചെയ്യുന്നതിന് തുല്യമാണ് കളവു മുതല്‍ ചുളുവിലയ്ക്ക് വാങ്ങുന്നതെന്നും മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് തോമസ് ചാണ്ടി ചെയ്തിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു.

അതേസമയം തോമസ് ചാണ്ടിക്കെതിരെ ഉടന്‍ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് 29ന് ആലപ്പുഴ കളക്‌ട്രേറ്റിന് മുന്നില്‍ ആലപ്പുഴ കോണ്‍ഗ്രസ് ജില്ല കമ്മറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധിക്കും. 30ന് യു.ഡി.എഫ് സമര പ്രചരണ കണ്‍വന്‍ഷന്‍ സംഘടിപ്പിക്കും. അന്നു തന്നെ കുട്ടനാട്ടില്‍ എ സി റോഡില്‍ പൊതുയോഗവും സംഘടിപ്പിക്കുമെന്നും ചെന്നിത്തല വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.