പരസ്യമായി ദളിത് യുവതിയുടെ മുഖത്തടിച്ച ബിജെപി വനിതാ നേതാവിനെതിരെ പോലീസ് കേസെടുത്തു

single-img
24 September 2017

അലിഗഢ്: പരസ്യമായി ദളിത് യുവതിയുടെ മുഖത്തടിച്ച ബിജെപി വനിതാ നേതാവിനെതിരെ പോലീസ് കേസെടുത്തു. പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയിലാണ് അലിഗഢില്‍ നിന്നുള്ള ബിജെപി നേതാവ് സംഗീത വാര്‍ഷണേയ്‌ക്കെതിരെപോലീസ് കേസെടുത്തത്.

ഉത്തര്‍പ്രദേശിലെ അലിഗഢില്‍ കഴിഞ്ഞയാഴ്ചയാണ് ദളിത് യുവതിക്ക് മര്‍ദ്ദനമേറ്റത്. അന്യമതത്തില്‍പ്പെട്ട യുവാവുമായുള്ള ബന്ധം ചോദ്യം ചെയ്തായിരുന്നു വനിതാ നേതാവിന്റെ മര്‍ദ്ദനമെന്ന് പോലീസ് പറഞ്ഞു. പെണ്‍കുട്ടിയും യുവാവും അലിഗഢിലെ ചായക്കാടയില്‍ ഒരുമിച്ചിരിക്കുന്നത് നാട്ടുകാരാണ് സംഗീത വാര്‍ഷ്‌ണേയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. തുടര്‍ന്ന് ആണ്‍കുട്ടിയെ പോലീസും നാട്ടുകാരും ചേര്‍ന്ന് ഗാന്ധിപാര്‍ക്ക് പോലീസ് സ്റ്റേഷനിലേക്ക് മാറ്റി.

പെണ്‍കുട്ടിയേയും കൂട്ടി സമീപത്തെ ഐസ്‌ക്രീം പാര്‍ലറിലെത്തിയ സംഗീത കുട്ടിയോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. സംസാരത്തിനിടെ സംഗീത പെണ്‍കുട്ടിയുടെ മുഖത്തടിക്കുകയായിരുന്നു. ബിജെപി വനിതാ നേതാവിനെതിരെ ഐപിസി 323, 504 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് ഗാന്ധി പാര്‍ക്ക് സ്റ്റേഷന്‍ പോലീസ് ഓഫീസര്‍ രവീന്ദ്ര കുമാര്‍ സിംങ് പറഞ്ഞു.