മുതിർന്ന മാധ്യപ്രവർത്തകൻ കെ ജെ സിംഗും മാതാവും വീട്ടിനുള്ളിൽ കൊല്ലപ്പെട്ടനിലയിൽ

single-img
23 September 2017

മുതിർന്ന മാധ്യമപ്രവർത്തകൻ കെ ജെ സിംഗിനേയും അദ്ദേഹത്തിന്റെ 92 വയസ്സുള്ള മാതാവിനേയും പഞ്ചാബിലെ മൊഹാലിയിലുള്ള സ്വവസതിയിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന് പോലീസ് അറിയിച്ചതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

കെ ജെ സിംഗും അദ്ദേഹത്തിന്റെ മാതാവ് ഗുർചരൺ കൌറും മൊഹാലിയിലുള്ള എസ് എ എസ് നഗറിലുള്ള വസതിയിലാണു താമസിച്ചിരുന്നത്. കെ ജെ സിംഗിന്റെ കഴുത്തറുത്ത നിലയിലും അദ്ദേഹത്തിന്റെ അമ്മയുടെ കഴുത്തിൽ കുടുക്കിട്ടു മുറുക്കിയനിലയിലുമാണു കാണപ്പെട്ടതെന്ന് ദി ട്രിബ്യൂൺ റിപ്പോർട്ട് ചെയ്യുന്നു.

രക്തത്തിൽക്കുളിച്ചു കിടക്കുന്ന ഇവരുടെ മൃതശരീരം ആദ്യം കണ്ടത് വീട്ടിലെ ജോലിക്കാരിയാണു. അവർ അയൽക്കാരെ അറിയിക്കുകയും തുടർന്ന് പോലീസ് സ്ഥലത്തെത്തുകയുമായിരുന്നു. വെള്ളിയാഴ്ച്ച രാത്രി ജോലിക്കാരി പോയതിനു ശേഷമാകാം കൊലപാതകം നടന്നതെന്നാണു പോലീസിന്റെ നിഗമനം.

വീടിനുള്ളിൽ നിന്നും ചിലവസ്തുക്കൾ കാണാതായിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങൾ അറിയിച്ചു. കെ ജെ സിംഗിന്റെ ഫോർഡ് ഐക്കൺ കാറും വീടിനുള്ളിൽ നിന്നും എൽ സി ഡി സ്ക്രീൻ അടക്കമുള്ള ചില ഇലക്ട്രോണിക് വസ്തുക്കളുമാണു കാണാതെയായത്. എന്നാൽ ഇദ്ദേഹത്തിന്റേയും മാതാവിന്റെയും ശരീരത്തുണ്ടായിരുന്ന സ്വർണ്ണ ചെയിനുകൾ അക്രമികൾ കൊണ്ടുപോയിട്ടില്ല.

ഇന്ത്യൻ എക്സ്പ്രസ്സ്, ടൈംസ് ഓഫ് ഇന്ത്യ തുടങ്ങിയ നിരവധി മാധ്യമങ്ങളിൽ ജോലി ചെയ്തിട്ടുള്ള കെ ജെ സിംഗ് ദി ട്രിബ്യൂൺ പത്രത്തിന്റെ ചീഫ് ന്യൂസ് എഡിറ്റർ ആയിട്ടാണു വിരമിച്ചത്.

കൊലപാതകത്തെ അപലപിച്ച മുൻ മുഖ്യമന്ത്രി സുഖ്ബിർ സിംഗ് ബാദൽ കൊലപാതകികളെ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് അധികാരികളോട് ആവശ്യപ്പെട്ടു. ട്വിറ്ററിലാണു അദ്ദേഹം ഇങ്ങനെ പോസ്റ്റ് ചെയ്തതു.