ആർക്കാണാ പത്തു കോടി? ഓണം ബംബര്‍ ഭാഗ്യശാലിയെ തിരഞ്ഞ് കേരളം

single-img
23 September 2017

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ റെക്കോര്‍ഡ് ലോട്ടറി തുകയായ 10 കോടി രൂപയുടെ തിരുവോണം ബമ്പര്‍ ഭാഗ്യശാലി മലപ്പുറത്ത്. മലപ്പുറം പരപ്പനങ്ങാടി ഐശ്വര്യ ഏജന്‍സി വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. പാലത്തിങ്കല്‍ കൊട്ടന്തറ സ്വദേശി ഖാലിദ് പരപ്പനങ്ങാടി ബസ് സ്റ്റാന്‍ഡില്‍ വിറ്റ ടിക്കറ്റാണ് സമ്മാനം നേടിയത്.

എന്നാല്‍ ആ ടിക്കറ്റെടുത്ത ഭാഗ്യശാലി ആരെന്ന് തിരയുകയാണ് മലയാളികള്‍ മുഴുവന്‍. വെള്ളിയാഴ്ച രാത്രി വൈകിയും ആളെ കണ്ടെത്താനായിട്ടില്ല. ഫലം പുറത്തുവന്നയുടനെ ലോട്ടറിയടിച്ചെന്നുപറഞ്ഞു നിരവധി ‘ ഭാഗ്യശാലികളെയാണ് ‘ സോഷ്യല്‍ മീഡിയ ആഘോഷിക്കുന്നത്.

മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്താണ് ഭാഗ്യശാലികളെ നറുക്കെടുത്തത്. ‘AJ 442876’ എന്ന നമ്പര്‍ ടിക്കറ്റിനാണ് 10 കോടി രൂപയുടെ ഒന്നാം സമ്മാനം. ഒന്നാം സമ്മാനം 10 കോടിയാണെങ്കിലും ആറു കോടി 30 ലക്ഷം രൂപയാണ് നറുക്കുവീഴുന്നയാള്‍ക്കു കിട്ടുക. 10% ഏജന്റ് കമ്മീഷന്‍ കിഴിച്ച് ബാക്കി വരുന്ന തുകയുടെ 30% ആദായ നികുതിയായും ഈടാക്കും. റെക്കോര്‍ഡ് വിറ്റുവരവുണ്ടായ ഈ വര്‍ഷം ജി.എസ്.ടി കൂടി ചേര്‍ത്ത് 5055 കോടി രൂപയാണ് സര്‍ക്കാരിന് ഓണം ബമ്പര്‍ വില്‍പനയിലൂടെയുള്ള ലാഭം.

65 ലക്ഷം ടിക്കറ്റ് വിറ്റതിലൂടെ മൊത്തം 145.865 കോടി രൂപയാണ് കിട്ടുന്നത്. ജി.എസ്.ടി ഇനത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ക്ക് ലഭിക്കുന്നത് 17, 41,38,000 രൂപ. സമ്മാന തുക നല്‍കി കഴിഞ്ഞുള്ള ലാഭമാണ് സര്‍ക്കാരിന് ലഭിക്കുക.