കായല്‍ കയ്യേറിയിട്ടില്ല, രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും മന്ത്രി തോമസ് ചാണ്ടി

single-img
23 September 2017

ആലപ്പുഴ: കായല്‍ കൈയ്യേറ്റവും നിലം നികത്തലും അനധികൃത കെട്ടിട നിര്‍മ്മാണവും അടക്കം തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം നിഷേധിച്ച് ഗതാഗത മന്ത്രി തോമസ് ചാണ്ടി. താന്‍ കായല്‍ കയ്യേറിയിട്ടില്ല, ആരൊക്കെ തട്ടിട്ട് തുള്ളിയാലും ഒരു സെന്റ് സ്ഥലം പോലും കയ്യേറിയെന്ന് കണ്ടെത്താനാവില്ലെന്ന് തോമസ് ചാണ്ടി ആഞ്ഞടിച്ചു.

കരഭൂമിയായി തീറാധാരമുള്ള സ്ഥലമാണ് നികത്തിയത്. വഴിയിലിട്ട മണ്ണ് എടുത്ത് മാറ്റാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. കരഭൂമിയുടെ തീറാധാരമുള്ള ഭൂമി വാങ്ങിയത് പാടശേഖര കമ്മിറ്റിയില്‍ നിന്നാണ്. തനിക്ക് മൂന്ന് ഏക്കര്‍ 10 സെന്റ് സ്ഥലമുണ്ട്. ഒരേക്കറിലേ നിര്‍മാണം നടത്തിയിട്ടുള്ളുവെന്നും തോമസ് ചാണ്ടി പറഞ്ഞു.

ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ ഫയല്‍ സൂക്ഷിക്കേണ്ടത് തന്റെ ജോലിയല്ലെന്നു പറഞ്ഞ മന്ത്രി മാധ്യമപ്രവര്‍ത്തകരോട് തട്ടിക്കയറുകയും ചെയ്തു. എന്നാല്‍ കെട്ടിടങ്ങള്‍ അനധികൃതമാണെന്ന കാര്യത്തില്‍ പ്രതികരിക്കുന്നില്ലെന്ന് പറഞ്ഞ് അദ്ദേഹം ഒഴിഞ്ഞുമാറി. തനിക്കെതിരെ നടന്നത് ഗൂഢാലോചനയാണ്. തന്റെ വാദം കേള്‍ക്കാതെയാണ് ആലപ്പുഴ ജില്ലാ കളക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയത്. അതുകൊണ്ട് തന്നെ ഇപ്പോള്‍ രാജിവയ്‌ക്കേണ്ട സാഹചര്യമില്ലെന്നും തോമസ് ചാണ്ടി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കായല്‍ കൈയ്യേറിയെന്ന ആരോപണം തെളിഞ്ഞാല്‍ രാജിവയ്ക്കുമെന്ന് മന്ത്രി തോമസ് ചാണ്ടി നേരത്തെ പറഞ്ഞിരുന്നു . മുഖ്യമന്ത്രി പറഞ്ഞാല്‍ മന്ത്രിസ്ഥാനത്തുനിന്ന് മാറിനില്‍ക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. തോമസ് ചാണ്ടിയ്‌ക്കെതിരായ കായല്‍ കയ്യേറ്റ ആരോപണം സ്ഥിരീകരിച്ച് ആലുപ്പുഴ ജില്ലാ കളക്ടറുടെ ഇടക്കാല അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നതിനെ തുടര്‍ന്നായിരുന്നു മന്ത്രിയുടെ ഈ പ്രതികരണം.

കൈയ്യേറ്റം തെളിഞ്ഞാല്‍ എല്ലാ പദവികളും രാജിവയ്ക്കും. ഇപ്പോഴത്തെ സ്ഥിതിയില്‍ രാജിവയ്ക്കില്ല. ഒരുസെന്റ് ഭൂമിപോലും കൈയ്യേറിയിട്ടില്ല. ആരോപണങ്ങള്‍ സംബന്ധിച്ച് ഒരുതരത്തിലുള്ള അന്വഷണത്തെയും ഭയപ്പെടുന്നില്ല. വിജിലന്‍സോ നിയമസഭാ സമിതിയോ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തട്ടെയെന്നും തോമസ് ചാണ്ടി പറഞ്ഞു. തനിക്കെതിരായ ആരോപണങ്ങള്‍ക്കു പിന്നില്‍ ഗൂഢ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുനിസിപ്പാലിറ്റിയ്ക്ക് ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

തോമസ് ചാണ്ടിക്കെതിരായ കായല്‍ കയ്യേറ്റ ആരോപണം സ്ഥിരീകരിച്ച് ജില്ലാ കളക്ടര്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഭൂമി നികത്തലും കയ്യേറ്റവും നടന്നിട്ടുണ്ടെന്നും ഭൂ നിയമങ്ങളുടെ ലംഘനമുണ്ടായിട്ടുണ്ടെന്നും 2013 മുതലുള്ള ഉപഗ്രഹ ചിത്രങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. നികത്തലിന്റെ ഫലമായി ഭൂമിയുടെ ഘടനയില്‍ മാറ്റം വന്നിട്ടുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും കളക്ടര്‍ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.