ബിഡിജെഎസിനെ എല്‍ഡിഎഫിലേക്ക് സ്വാഗതം ചെയ്ത് കാനം രാജേന്ദ്രന്‍

single-img
23 September 2017

മലപ്പുറം: ബിഡിജെഎസുമായുള്ള ഐക്യത്തിന്റെ സാധ്യതകളെ സ്വാഗതം ചെയ്ത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിഡിജെഎസിന് പുനര്‍വിചിന്തനമുണ്ടായാല്‍ സ്വാഗതം ചെയ്യുന്നതില്‍ തെറ്റില്ലെന്ന് കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. പഴയ സാഹചര്യത്തില്‍ നിന്ന് മാറ്റമുണ്ടാകുന്നത് നല്ലതാണെന്നും കാനം കൂട്ടിച്ചേര്‍ത്തു. ബിഡിജെഎസ് ഇടത് മുന്നണിയോടടുക്കുന്നുവെന്ന സൂചനകള്‍ക്കിടെയാണ് കാനത്തിന്റെ പ്രതികരണം.

മുഖ്യമന്ത്രിയുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് മുന്നണിയിലെ രണ്ടാം കക്ഷി നിലപാട് വ്യക്തമാക്കുന്നത്. ബിജെപിയുമായി ബിഡിജെഎസ് ഇടഞ്ഞ് നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് സിപിഐ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

ബിഡിജെഎസിന് മുന്നില്‍ വാതില്‍ അടച്ചിട്ടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഒരു പടി കൂടി കടന്നുള്ള കാനത്തിന്റെ പ്രതികരണം. അതേ സമയം ബിഡിജെഎസ് കടുത്ത സമ്മര്‍ദ്ദത്തിലാണ്. എന്ത് നിലപാട് സ്വീകരിക്കണമെന്നത് സംബന്ധിച്ച് അടുത്തയാഴ്ച ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനം ഉണ്ടാകും. ബിഡിജെഎസിനെ അനുനയിപ്പിക്കാന്‍ ബിജെപി കേന്ദ്ര നേതൃത്വം ശ്രമം തുടങ്ങിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.