ബിഡിജെഎസ് ഒപ്പമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് കുമ്മനം: ‘വെള്ളാപ്പള്ളി മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് അറിയില്ല’

single-img
22 September 2017

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസ് തങ്ങള്‍ക്കൊപ്പം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ബി.ഡി.ജെ.എസ് ഉന്നയിച്ച കാര്യങ്ങള്‍ കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്നിട്ടുണ്ട്.

പ്രശ്‌നങ്ങളെല്ലാം രമ്യമായി പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു. വേങ്ങര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംസ്ഥാന നേതൃത്വം ഒരു പേര് മാത്രമേ കേന്ദ്ര നേതൃത്വത്തിന് നല്‍കിയിരുന്നുള്ളൂ എന്നും അത് അംഗീകരിക്കുകയായിരുന്നുവെന്നും കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

വെള്ളാപ്പള്ളി നടേശന്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ക്ലിഫ് ഹൗസില്‍ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. വേങ്ങരയില്‍ എന്‍.ഡി.എയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു.