ഭ്രാന്തുപിടിച്ച യുഎസ് വൃദ്ധനാണ് ട്രംപെന്ന് കിം ജോംഗ് ഉന്‍: ‘ഭീഷണികള്‍ക്ക് കനത്ത വില നല്‍കേണ്ടി വരും’

single-img
22 September 2017

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് ബുദ്ധിസ്ഥിരതയില്ലെന്ന് ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോംഗ് ഉന്‍. ഭ്രാന്തുപിടിച്ച യുഎസ് വൃദ്ധനാണ് ട്രംപ്. ഉത്തരകൊറിയയ്ക്കു നേരെയുള്ള ഭീഷണികള്‍ക്ക് കനത്ത വില നല്‍കേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഉത്തര കൊറിയയ്ക്കുമേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനുള്ള പുതിയ ഉത്തരവില്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പിട്ടിരുന്നു. നേരത്തെ ഉത്തര കൊറിയയെ പാടേ നശിപ്പിക്കുമെന്ന് യുഎന്‍ ജനറല്‍ അസംബ്ലിയില്‍ നടത്തിയ പ്രസംഗത്തില്‍ ട്രംപ് പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ശക്തമായ ഭാഷയില്‍ പ്രതികരണവുമായി ഉത്തര കൊറിയ രംഗത്തെത്തിയിരിക്കുന്നത്.

രാജ്യത്തിന്റെ പരമാധികാരിയായിരിക്കാനുള്ള യോഗ്യത ട്രംപിനില്ല. വഞ്ചകനും തീക്കളി ഇഷ്ടപ്പെടുന്ന ഗുണ്ടയുമാണ് അമേരിക്കന്‍ പ്രസിഡന്റ് എന്നും കിം പറഞ്ഞു. ഏതു തരം മറുപടിയാണ് അയാള്‍ പ്രതീക്ഷിക്കുന്നതെന്നാണ് ഞാന്‍ ആലോചിക്കുന്നത്. അദ്ദേഹത്തിന്റെ വാക്കുകള്‍ അതിരുവിട്ടിരിക്കുന്നു.

ട്രംപ് എന്തു പ്രതീക്ഷിച്ചാലും അതിനേക്കാള്‍ വലിയതാകും അനുഭവിക്കേണ്ടിവരികയെന്നും കിം ജോംഗ് ഉന്‍ പറഞ്ഞു. കൊറിയന്‍ സെന്‍ട്രല്‍ ന്യൂസ് ഏജന്‍സിയാണ് കിമ്മിന്റെ പ്രസ്താവന പുറത്തുവിട്ടത്.

അതേസമയം പ്രഹരശേഷിയില്‍ അമേരിക്കയ്ക്കു തുല്യരാവുകയെന്ന കിമ്മിന്റെ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ പസഫിക് സമുദ്രത്തിലേക്ക് ഹൈഡ്രജന്‍ ബോംബ് പരീക്ഷിക്കാനുള്ള പദ്ധതിയുണ്ടെന്ന് തൊട്ടുപിന്നാലെ ഉത്തര കൊറിയന്‍ വിദേശകാര്യമന്ത്രി പറഞ്ഞു.