ട്രെയിന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ ഇനിമുതല്‍ ചില ബാങ്കുകളുടെ ഡബിറ്റ് കാര്‍ഡുകള്‍ പറ്റില്ല

single-img
22 September 2017

ന്യൂഡല്‍ഹി: ചില ബാങ്കുകളുടെ ഡബിറ്റ് കാര്‍ഡുകളെ ഓണ്‍ലൈന്‍ വഴി റയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്യുന്നതില്‍ നിന്ന് ഐ.ആര്‍.സി.ടി.സി വിലക്കി. ഓരോ പണമിടപാടിനും യാത്രക്കാരില്‍ നിന്ന് കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നതില്‍ നിന്ന് ബാങ്കുകള്‍ പിന്‍മാറാത്തതിനാലാണ് ഈ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.

നിലവില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്, കാനറ ബാങ്ക്, യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ, ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ഏഴ് ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് മാത്രമേ ഐആര്‍സിടിസി വെബ്‌സൈറ്റിലൂടെ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുകയുള്ളൂ.

ഓരോ പണമിടപാടുകള്‍ക്കും കണ്‍വീനിയന്‍സ് ഫീസ് ഈടാക്കുന്നതാണ് നിലവില്‍ ബാങ്കുകളുടെ രീതി. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശ പ്രകാരം 1000 രൂപ വരെയുള്ള പണമിടപാടിന് അഞ്ച് രൂപയും 2000 വരെയുള്ള പണമിടപാടിന് 10 രൂപയുമാണ് ഉപഭോക്താക്കളില്‍ നിന്ന് ബാങ്കുകള്‍ ഈടാക്കുന്നത്.

ടിക്കറ്റ് ബുക്കിങിന് ഐആര്‍സിടിസി 20 രൂപയായിരുന്നു നേരത്തെ ഉപഭോക്താക്കളില്‍ നിന്നും ഈടാക്കിയിരുന്നത്. എന്നാല്‍ ഡിജിറ്റല്‍ പണമിടപാടുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നോട്ട് നിരോധനത്തിനു പിന്നാലെ ഈ ചാര്‍ജ് ഐആര്‍സിടിസി ഒഴിവാക്കി.

അതസമയം ബാങ്കുകള്‍ ഈടാക്കുന്ന കണ്‍വീനിയന്‍സ് ചാര്‍ജിന്റെ പകുതി ഐആര്‍സിടിസിയുമായി പങ്കുവയ്ക്കണമെന്ന ചര്‍ച്ച ഉയര്‍ന്നിരുന്നെങ്കിലും ബാങ്കുകള്‍ക്ക് ഇത് സ്വീകാര്യമായിരുന്നില്ല. ഐആര്‍സിടിസിക്ക് അനുകൂലമായ നിലപാട് എസ്ബിഐ അടക്കമുള്ളബാങ്കുകളുടെ ഭാഗത്ത് നിന്നുണ്ടാവാത്തതിനെ തുടര്‍ന്നാണ് അത്തരം ബാങ്കുകളുടെ ഡെബിറ്റ് കാര്‍ഡ് പേയ്‌മെന്റ് സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഐആര്‍സിടിസി തീരുമാനിച്ചത്. ഈ ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡ് പേയ്‌മെന്റുകള്‍ക്കും നിയന്ത്രണം ബാധകമാണ്.