ക്ഷേത്രഭൂമി കയ്യേറിയെന്ന പരാതിയില്‍ തോമസ് ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു

single-img
22 September 2017

കുട്ടനാട്ടിലെ മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കയ്യേറിയെന്ന പരാതിയില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചു. ലാന്‍ഡ് ബോര്‍ഡ് സെക്രട്ടറിയോട് അന്വേഷിച്ച് നടപടിയെടുക്കാന്‍ റവന്യൂ മന്ത്രി നിര്‍ദേശം നല്‍കി.

മാത്തൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയില്‍ ആലപ്പുഴ ചേന്നങ്കരിയിലുള്ള 34 ഏക്കര്‍ ഭൂമി മന്ത്രി കയ്യേറിയതായി കാട്ടി അധികൃതര്‍ നാല് ദിവസം മുമ്പ് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി.വി.അനുപമയ്ക്ക് പരാതി നല്‍കിയിരുന്നു. പിന്നീട് ഇക്കാര്യം ചൂണ്ടിക്കാട്ടി ദേവസ്വം അധികൃതര്‍ റവന്യൂമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്‍കി. തുടര്‍ന്നാണ് നടപടിയെടുക്കാന്‍ മന്ത്രി നിര്‍ദ്ദേശിച്ചത്.

മന്ത്രി തോമസ്ചാണ്ടിയുടെ കുട്ടനാട്ടിലെ ചേന്നങ്കരിയിലെ വീടിനോട് ചേര്‍ന്ന് പമ്പാനദിയുടെ മറുകരയിലാണ് 34 ഏക്കര്‍ വിവാദഭൂമി. മാത്തൂര്‍ ദേവസ്വത്തിന്റെ പേരിലുള്ള ഭൂമി പോള്‍ ഫ്രാന്‍സിസ് എന്നയാള്‍ വ്യാജ പട്ടയം ഉണ്ടാക്കി സ്വന്തമാക്കി. പിന്നീട് ഈ ഭൂമി തോമസ്ചാണ്ടി വെറും ഏഴു ലക്ഷം രൂപയ്ക്ക് തന്റെ പേരിലാക്കിയെന്നാണ് പരാതി.

ഭൂമി വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ട് ലാന്‍ഡ് ട്രൈബ്യൂണല്‍ അപ്പലറ്റ് കോടതിയെ ദേവസ്വം സമീപിച്ചു. ആരോപണത്തില്‍ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ അപ്പലറ്റ് കോടതി ഭൂമി ഇടപാട് റദ്ദാക്കി. പിന്നീട് ഹൈക്കോടതിയും ഈ ഉത്തരവ് ശരിവെച്ചു.

നാല് മാസത്തിനകം ഭൂമി യഥാര്‍ഥ ഉടമക്ക് തിരിച്ചുകൊടുക്കണമെന്ന് ഹൈക്കോടതി 2014 സെപ്റ്റംബറില്‍ ലാന്‍ഡ് ട്രൈബ്യൂണലിന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍, ഓരോരോ കാരണം പറഞ്ഞ് കേസ് നീട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.