ലേക്പാലസ് റിസോര്‍ട്ടിന്റെ ഫയലുകള്‍ കാണാതായ സംഭവം: ആലപ്പുഴ നഗരസഭയിലെ നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

single-img
22 September 2017

ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെ ഉടമസ്ഥതയിലുള്ള ലേക്പാലസ് റിസോര്‍ട്ട് സംബന്ധിച്ച ഫയലുകള്‍ കാണാതായ സംഭവത്തില്‍ നടപടിക്ക് ശുപാര്‍ശ. ആലപ്പുഴ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് നടപടി. നഗരസഭാ സൂപ്രണ്ട് അടക്കം നാലു പേരെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.

ഫയല്‍ കാണാതായ സംഭവം വിവാദമായ പശ്ചാത്തലത്തില്‍ നഗരസഭാ കൗണ്‍സിലിന്റേതാണ് നിര്‍ദേശം. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് ഈ ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയിരുന്നു. ഇതിനിടെ, ലേക് പാലസിലെ അഞ്ച് കെട്ടിടങ്ങള്‍ അനധികൃതമെന്ന് നഗരസഭ എന്‍ജിനീയറിങ് വിഭാഗം നടത്തിയ പരിശോധനയില്‍ കണ്ടെത്തി.

തന്റെ റിസോര്‍ട്ടിലേക്ക് പോകാന്‍ രണ്ട് എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് തോമസ് ചാണ്ടി അനധികൃതമായി റോഡ് നിര്‍മ്മിച്ചെന്നും കായല്‍ നികത്തിയെന്നുമാണ് ആരോപണം. മാര്‍ത്താണ്ഡം കായലില്‍ മിച്ചഭൂമിയായി കര്‍ഷക തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പതിച്ചുനല്‍കിയ ഏക്കര്‍ കണക്കിന് ഭൂമിയാണ് ലേക് പാലസ് റിസോര്‍ട്ട് കമ്പനിയായ വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിയുടെ പേരില്‍ മന്ത്രി തോമസ് ചാണ്ടിയും മകനും വാങ്ങിക്കൂട്ടി നികത്തുന്നതെന്നും ആരോപണമുണ്ടായിരുന്നു.

ആരോപണത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സുപ്രധാനമായ 32 ഫയലുകള്‍ മുന്‍സിപ്പാലിറ്റി ഓഫീസില്‍ നിന്നും കാണാതായെന്ന് വ്യക്തമായത്.