മൂന്ന് സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ പ്രവേശനത്തിന് സുപ്രീംകോടതി അനുമതി: ‘തീരുമാനം വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത്’

single-img
22 September 2017

കേരളത്തിലെ മൂന്ന് സ്വാശ്രയ കോളേജുകളിലെ എംബിബിഎസ് പ്രവേശനത്തിന് അംഗീകാരം. അടൂര്‍ മൗണ്ട് സിയോണ്‍, തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം എന്നീ മെഡിക്കല്‍ കോളേജുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയ പ്രവേശനം അംഗീകരിക്കുന്നതായി സുപ്രീംകോടതി വ്യക്തമാക്കി.

മൂന്ന് കോളേജുകളിലായി 400 വിദ്യാര്‍ഥികളുടെ പ്രവേശനമാണ് സുപ്രീംകോടതി അംഗീകരിച്ചത്. കോളേജുകള്‍ സമര്‍പ്പിച്ച അപേക്ഷയില്‍ വാദം കേട്ട കോടതി വിദ്യാര്‍ത്ഥികളുടെ ഭാവി കണക്കിലെടുത്ത് മാത്രമാണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് വ്യക്തമാക്കി.

മാനേജ്‌മെന്റുകളും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയും തമ്മില്‍ നടത്തിയ വടംവലിയില്‍ വിദ്യാര്‍ത്ഥികളുടെ കാര്യം ത്രിശങ്കുവിലായെന്നും കോടതി ചൂണ്ടിക്കാട്ടി. പ്രവേശനം അംഗീകരിക്കുന്നതായി വാക്കാല്‍ അറിയിച്ച കോടതി വിശദമായ ഉത്തരവ് പിന്നീടെന്നും വ്യക്തമാക്കി.

കല്‍പറ്റ ഡി.എം കോളേജിലെ നൂറ്റിയന്‍പതും അടൂര്‍ മൗണ്ട് സിയോണ്‍ കോളേജിലെ നൂറ് മെഡിക്കല്‍ സീറ്റുകളിലേക്കും തൊടുപുഴ അല്‍ അസ്ഹര്‍ കോളേജിലെ നൂറ്റിയന്‍പത് സീറ്റുകളിലേക്കും നടന്ന പ്രവേശനം സുപ്രീംകോടതി നേരത്തെ റദ്ദാക്കിയിരുന്നു.

ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത കോളേജുകള്‍ക്ക് പ്രവേശനാനുമതി നല്‍കിയ ഹൈക്കോടതി ഉത്തരവ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് റദ്ദാക്കുകയായിരുന്നു. തുടര്‍ന്ന് കോളേജ് മാനേജ്‌മെന്റുകള്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാവിയെകരുതി കടുത്ത തീരുമാനമെടുക്കരുതെന്ന് സംസ്ഥാനസര്‍ക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.