ഇന്ത്യന്‍ സ്ത്രീകളെ വിദേശരാജ്യങ്ങളില്‍ വീട്ടുജോലിക്ക് നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥയില്‍ കേന്ദ്രം ഇളവ് വരുത്തി

single-img
22 September 2017

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്നുള്ള സ്ത്രീകളെ വിദേശരാജ്യങ്ങളില്‍ വീട്ടു ജോലിക്കായി നിയമിക്കുന്നതിന് ഏര്‍പ്പെടുത്തിയ വ്യവസ്ഥയില്‍ കേന്ദ്രസര്‍ക്കാര്‍ ഇളവ് വരുത്തി. 18 ഇ.സി.ആര്‍ രാജ്യങ്ങളില്‍ നിന്നുള്ള വ്യക്തികള്‍ക്ക് ഇന്ത്യന്‍ സ്ത്രീകളെ വീട്ടുജോലിക്കാരായി നിയമിക്കുന്നതിന് 2500 ഡോളര്‍ നല്‍കണമെന്നായിരുന്ന നേരത്തെയുണ്ടായിരുന്ന വ്യവസ്ഥ. ഇത് ഇനി നല്‍കേണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിരിക്കുന്നത്.

വിദേശത്ത് ജോലിക്ക് പോകുന്നവരുടെ ഇന്‍ഷൂറന്‍സായാണ് 2500 ഡോളറിന്റെ ബാങ്ക് ഗ്യാരണ്ടിയെ വിദഗ്ധര്‍ കണക്കാക്കിയിരുന്നത്. എന്നാല്‍ ഗള്‍ഫ് രാജ്യങ്ങളിലുള്‍പ്പടെ ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് തൊഴില്‍ ലഭിക്കാനുള്ള സാഹചര്യം ചുരുങ്ങിയതോടെയാണ് ഇ.സി.ആര്‍. നിബന്ധനകളില്‍ ഇളവ് വരുത്താന്‍ സര്‍ക്കാര്‍ തയാറായത്.

ഇന്ത്യയില്‍ നിന്നുള്ള തൊഴിലാളികളെ സംരക്ഷിക്കുന്നതിനായാണ് ഇ.സി.ആര്‍ അല്ലെങ്കില്‍ എമിഗ്രേഷന്‍ ചെക്ക് നിബന്ധന ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചൂഷണത്തിന് സാധ്യതയുള്ള തൊഴില്‍ മേഖലകളില്‍ ജോലിയെടുക്കുന്നവര്‍ക്കാണ് പ്രധാനമായും ഇ.സി.ആര്‍ ആവശ്യം. പത്തില്‍ താഴെ വിദ്യാഭ്യാസമുള്ള വീട്ടുജോലിക്കായി വിദേശങ്ങളിലെത്തുന്ന സ്ത്രീകളെ സര്‍ക്കാര്‍ ഇ.സി.ആര്‍ നിബന്ധനയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.