യുഎന്നില്‍ പാകിസ്താനെതിരെ ആഞ്ഞടിച്ച് ഇന്ത്യ: പാകിസ്താന്‍ ഇപ്പോള്‍ ‘ടെററിസ്ഥാന്‍’

single-img
22 September 2017

ഐക്യരാഷ്ട്ര സഭയില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ പ്രധാനമന്ത്രി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് ചുട്ട മറുപടിയുമായി ഇന്ത്യ. പാകിസ്താന്‍ ‘ടെററിസ്ഥാന്‍'(terroristan) ആയി മാറിയെന്ന് ഐക്യരാഷ്ട്രസംഘടനയിലെ ഇന്ത്യയുടെ സെക്രട്ടറി ഈനം ഗംഭീര്‍ പറഞ്ഞു.

ചരിത്രപരമായി നോക്കിയാലും പാകിസ്താന്‍ ഭീകരവാദവുമായി ബന്ധപ്പെട്ടിരിക്കുകയാണെന്നു വ്യക്തമാകും. ശുദ്ധമായ ഭീകരതയ്ക്കു വേണ്ടിയുള്ള ഗവേഷണത്തിലാണ് അവര്‍. ആഗോള തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുകയും കയറ്റി അയയ്ക്കുകയുമാണ് പാകിസ്താനെന്നും യുഎന്നിലെ സ്ഥിരം പ്രതിനിധി ഈനം ഗംഭീര്‍ പറഞ്ഞു.

ഇന്ത്യയ്‌ക്കെതിരെയുള്ള പാക്ക് പ്രധാനമന്ത്രി ഷഹീദ് കഖാന്‍ അബ്ബാസിയുടെ പ്രസ്താവനകള്‍ക്കുള്ള മറുപടിയായിട്ടാണു യുഎന്നില്‍ ഇന്ത്യ ആഞ്ഞടിച്ചത്. യുഎന്‍ ഭീകരസംഘടന പട്ടികയില്‍ ഉള്‍പ്പെടുത്തിയ ലഷ്‌കറെ തയിബയുടെ തലവന്‍ ഹാഫിസ് മുഹമ്മദ് സയിദ് ഇപ്പോള്‍ പാകിസ്താനിലെ രാഷ്ട്രീയകക്ഷി നേതാവാണ്.

ഭീകരപ്രവര്‍ത്തനവുമായുള്ള പാക്ക് ബന്ധത്തിനുള്ള തെളിവാണിത്. ഭീകരര്‍ക്കു രാഷ്ട്രീയ പാര്‍ട്ടികളാല്‍ സുരക്ഷ നല്‍കുകയോ രാജ്യാന്തര ഭീകരനേതാക്കളെ സംരക്ഷിക്കുകയാണു തങ്ങളുടെ ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങളിലൂടെ പാകിസ്താന്‍ ചെയ്യുന്നതെന്നും ഇന്ത്യ ആരോപിച്ചു.