മാല പൊട്ടിക്കാനെന്ന വ്യാജേന ബൈക്കിലെത്തി സ്ത്രീകളെ കടന്നു പിടിക്കുന്ന ‘ഞരമ്പു രോഗി’ പിടിയില്‍: കുടുക്കിയത് സിസിടിവി

single-img
22 September 2017

മാല പൊട്ടിക്കാനെന്ന വ്യാജേന ബൈക്കിലെത്തി സ്ത്രീകളെ കടന്നുപിടിക്കുന്നതു പതിവാക്കിയ ഞരമ്പു രോഗിയായ സാമൂഹിക വിരുദ്ധനെ പൊലീസ് പിടികൂടി. വടക്കാഞ്ചേരി സ്വദേശി സനില്‍ ആണ് അറസ്റ്റിലായത്. അജ്ഞാതന്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ച് ഇരുപതോളം യുവതികള്‍ പരാതി നല്‍കിയതോടെയാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.

തുടര്‍ന്നുള്ള അന്വേഷണത്തില്‍ സംഭവങ്ങള്‍ നടന്ന സ്ഥലങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ഒരു കേസിലും മാല പൊട്ടിച്ചിട്ടില്ലെന്നു വ്യക്തമായി. ഇതോടെയാണ് പ്രതിയുടെ ഉദ്ദേശം മാല അല്ലെന്നു വ്യക്തമായത്.

മഞ്ഞ ബാഗ് കഴുത്തിലിട്ട് കറുത്ത ഹെല്‍മറ്റ് വച്ചു നടക്കുന്നയാളാണ് ഉപദ്രവിക്കുന്നതെന്നു ദൃശ്യങ്ങളില്‍ നിന്നും വ്യക്തമായി. ഈ അടയാളം അടിസ്ഥാനമാക്കി ഈസ്റ്റ് എസ്‌ഐ എം.ജെ. ജിജോയുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ തിരച്ചിലില്‍ പ്രതിയെ പിടികൂടുകയായിരുന്നു.

താന്‍ ഒട്ടേറെ യുവതികളെ ഇപ്രകാരം ഉപദ്രവിച്ചിട്ടുണ്ടെന്നു പ്രതി പൊലീസിനോടു സമ്മതിച്ചു. വിമല കോളജ് പരിസരത്ത് ഒരാള്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ചെന്ന പരാതിയുമായി കഴിഞ്ഞ ദിവസം ഒരു യുവതി പൊലീസിനെ സമീപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടു നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ കുടുങ്ങിയത്.