വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ 23 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി

single-img
21 September 2017

തിരുവനന്തപുരം: വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ 23 കോടി രൂപയുടെ സ്വത്ത് കണ്ടുകെട്ടി. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ടാണ് നടപടി. കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലെ സ്വത്താണ് പ്രധാനമായും കണ്ടുകെട്ടിയത്.

2004-2008 കാലയളവില്‍ സമ്പാദിച്ച സ്വത്താണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്‌സില്‍ ഏറ്റവുമധികം അഴിമതി നടന്ന കാലഘട്ടമായിരുന്നു ഇത്. ഈ കാലയളവില്‍ മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായിരുന്നു വിഎം രാധാകൃഷ്ണന്‍. ഇതുമായി ബന്ധപ്പെട്ട് അഞ്ച് അഴിമതി കേസുകളില്‍ വിജിലന്‍സ് നേരത്തെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

മലബാര്‍ സിമന്റ്‌സിന് ലാമിനേറ്റഡ് ബാഗ് വാങ്ങിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് രാധാകൃഷ്ണന്‍, മകന്‍ നിതിന്‍ രാധാകൃഷ്ണന്‍ എന്നിവരുള്‍പ്പെടെ 11 പേര്‍ക്കെതിരെ വിജിലന്‍സ്, തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ കഴിഞ്ഞ വര്‍ഷം കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

2003-07 കാലയളവില്‍ സിമന്റ് നിറയ്ക്കാനുള്ള ബാഗ് വാങ്ങിയതുവഴി 4.59 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. മുംബയ് ആസ്ഥാനമായ റഷീദ് പാക്കേജ് എന്ന സ്ഥാപനത്തില്‍ നിന്നാണ് ലാമിനേറ്റഡ് ബാഗുകള്‍ ഇറക്കുമതി ചെയ്തത്.

ഒരു ബാഗിന് പത്തു രൂപ ക്രമത്തിലായിരുന്നു ഇറക്കുമതി. ഇതില്‍ 2.25 കോടി രൂപ രാധാകൃഷ്ണന്‍ കമ്മിഷന്‍ കൈപ്പറ്റിയെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്.