ട്രംപിന്റെ പ്രസംഗം ‘നായയുടെ കുരയെന്ന്’ ഉത്തര കൊറിയ

single-img
21 September 2017

ഇനിയും ഭീഷണി തുടര്‍ന്നാല്‍ ഉത്തരകൊറിയയെ തകര്‍ക്കുമെന്ന അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവനക്ക് മറുപടിയുമായി ഉത്തരകൊറിയ. ‘ഒരു നായയുടെ കുര’ എന്നാണ് ട്രംപിന്റെ പ്രസ്താവനയെ ഉത്തരകൊറിയന്‍ വിദേശകാര്യമന്ത്രി വിശേഷിപ്പിച്ചത്.

ഭീഷണിയെ കാര്യമായി കാണുന്നില്ലെന്നും ഉത്തരകൊറിയന്‍ വിദേശകാര്യ മന്ത്രി റിയോംഗ് ഹോ പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ വിലക്കുകളെ മറികടന്ന് ആയുധ പരീക്ഷണങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

യുഎന്‍ പൊതുസഭയില്‍ വച്ചാണ് ട്രംപ് ഉത്തരകൊറിയക്കെതിരെയും ഇറാനെതിരെയും സംസാരിച്ചത്. ഇതിന് മറുപടി യുഎന്‍ പൊതുസഭയില്‍ വച്ച് തന്നെ ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റുഹാനി നല്‍കിയിരുന്നു. രാഷ്ട്രീയത്തില്‍ തെമ്മാടിയായ നവാഗതനാണ് ട്രംപെന്ന് റുഹാനി കുറ്റപ്പെടുത്തി.

2015ല്‍ ഇറാനുമായുണ്ടാക്കിയ ആണവ ധാരണയെ കുറ്റപ്പെടുത്തി ട്രംപ് പ്രസംഗിച്ചതിന് പുറകെയാണ് റുഹാനിയുടെ വിമര്‍ശനം. ആണവ കരാര്‍ ആദ്യം ലംഘിക്കുന്നത് ഒരിക്കലും ഇറനായിരിക്കുകയില്ലെന്നും അങ്ങനെയൊരു നീക്കം ഏത് രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും ഇറാന്‍ ശക്തമായി അതിനെ എതിര്‍ക്കുമെന്നും റുഹാനി വ്യക്തമാക്കി. ഇറാനെ തെമ്മാടിരാഷ്ട്രമെന്നാണ് ട്രംപ് തന്റെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്.