ചിത്രീകരണത്തിന് രണ്ടുദിവസം മുന്‍പ് തന്നെ ഒഴിവാക്കി; ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും ദിലീപ് വിളിച്ച് പറഞ്ഞു: വെളിപ്പെടുത്തലുമായി ഷംന കാസിം

single-img
21 September 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ തെളിവുണ്ടെന്ന് പറഞ്ഞ് നാലു തവണയും കോടതി ജാമ്യം നിഷേധിക്കുമ്പോഴും സിനിമാ മേഖലയില്‍ നിന്നും നടിമാരുടെ പിന്തുണ കൂടുകയാണ്. നടി ഷംന കസിമാണ് ഇപ്പോള്‍ ദിലീപിനെ പിന്തുണച്ചു രംഗത്തെത്തിയിരിക്കുന്നത്.

തനിക്ക് അറിയാവുന്ന ദിലീപ് ഇത്തരമൊരു ക്രൂരത ചെയ്യില്ലെന്ന് ഷംന അഭിപ്രായപ്പെട്ടു. സിനിമയിലെ പുരുഷന്മാരില്‍ പലരും ദിലീപിന് വേണ്ടി രംഗത്ത് വരുമ്പോഴും നടിമാര്‍ അധികം രംഗത്ത് വരാത്തത് ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ ദിവസം മുതിര്‍ന്ന നടി കെപിഎസി ലളിത ദിലീപിനെ ജയിലില്‍ ചെന്ന് കണ്ടതിനു പിന്നാലെയാണ് ഒരു യുവനടി കൂടി പ്രതികരണവുമായി രംഗത്ത് വന്നിരിക്കുന്നത്.

കൈരളി പീപ്പിള്‍ ടിവിയിലെ പരിപാടിയിലാണ് ഷംന കാസിം ദിലീപ് വിഷയത്തില്‍ പ്രതികരണം നടത്തിയത്. ഫാസില്‍-ദിലീപ് ടീമിന്റെ മോസ് ആന്‍ഡ് ക്യാറ്റ് സിനിമയില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ചിത്രീകരണത്തിന് രണ്ടുദിവസം മുന്‍പാണ്. താന്‍ ഒരുപാട് ആഗ്രഹിച്ച ഒരു സിനിമയായിരുന്നു അതെന്നും ഒഴിവാക്കിയതില്‍ ഭയങ്കര സങ്കടം തോന്നിയെന്നും ഷംന പറഞ്ഞു.

ഒഴിവാക്കിയതിനെക്കുറിച്ച് ദിലീപിനും അറിയാമായിരുന്നു. സംഭവം അറിഞ്ഞ് ദിലീപ് തന്നെ വിളിച്ച് സമാധാനിപ്പിച്ചെന്നും ഷംന പറയുന്നു. ഒന്നും വിചാരിക്കരുതെന്നും ശപിക്കരുതെന്നും അന്ന് ദിലീപ് ഫോണില്‍ വിളിച്ച് പറഞ്ഞെന്നും ഷംന പറഞ്ഞു.

എന്നാല്‍ തനിക്ക് അതില്‍ ഒരുപാട് സങ്കടം തോന്നിയെന്നും സിനിമ വേണ്ടെന്ന് വയ്ക്കാന്‍ പോലും ആലോചിച്ചെന്നും ഷംന പറയുന്നു. കേരളത്തിലേക്ക് വരാന്‍ പോലും തോന്നിയില്ലെന്നും ചെറുകണ്ണീരോടെ ഷംന പറഞ്ഞു. അതേസമയം, ആ സിനിമയ്ക്ക് ഒരു ശാപം വീണിട്ടുണ്ടെന്നും ഷംന അഭിപ്രായപ്പെട്ടു. തന്നെ ഒഴിവാക്കിയതിന് പിന്നില്‍ ദിലീപ് ആണെന്ന് തോന്നുന്നില്ലെന്നും ഷംന പറയുന്നു.

അതേസമയം എത്ര വലിയ ശത്രു ആണെങ്കിലും ഒരു പെണ്‍കുട്ടിയോട് ഈ ക്രൂരത കാണിക്കാന്‍ പാടില്ലായിരുന്നു എന്നാണ് നടി ആക്രമിക്കപ്പെട്ടതില്‍ ഷംനയുടെ പ്രതികരണം. നടി ആക്രമിക്കപ്പെട്ടതില്‍ തനിക്ക് അതിയായ വിഷമമുണ്ട്. താന്‍ എന്നും സത്യത്തിന്റെ ഭാഗത്ത് തന്നെ നില്‍ക്കുമെന്നും ഷംന കാസിം പറഞ്ഞു.

അതേസമയം ദിലീപിനെ പിന്തുണച്ച് ആദ്യം രംഗത്ത് വന്ന നടിമാരിലൊരാള്‍ തെസ്‌നി ഖാന്‍ ആയിരുന്നു. ദിലീപിനെ തനിക്ക് വര്‍ഷങ്ങളായി അറിയാം. സത്യം തെളിയുന്നതിന് മുന്‍പ് ദയവായി ദിലീപിനെ ക്രൂശിക്കരുതെന്നും തെസ്‌നി ഖാന്‍ ആവശ്യപ്പെട്ടിരുന്നു.

ദിലീപിന് വേണ്ടി തുടക്കം മുതലേ നടി ലക്ഷ്മി പ്രിയയും രംഗത്ത് വന്നിരുന്നു. വിവാദമായ അമ്മ യോഗത്തിന് പിന്നാലെ ലക്ഷ്മി പ്രിയ സിനിമാ സംഘടനയേയും ദിലീപിനേയും ന്യായീകരിക്കുന്ന വാദങ്ങളുമായായിരുന്നു രംഗത്തെത്തിയത്.

ദിലീപ് അറസ്റ്റിലായതിന് ശേഷം അടുത്തിടെ നടി പ്രവീണയും പിന്തുണയുമായി രംഗത്ത് വരികയുണ്ടായി. ദിലീപ് ഇത്തരമൊരു കാര്യം ചെയ്യില്ലെന്നും കേസില്‍ ആരോ പ്ലാന്‍ ചെയ്ത് കുടുക്കിയതാണെന്നും പ്രവീണ ആരോപിച്ചിരുന്നു.