ട്രംപിനെ തെമ്മാടിയെന്ന് വിളിച്ച് ഇറാന്‍ പ്രസിഡന്റ്: ‘യുഎസ് പ്രകോപനം തുടര്‍ന്നാല്‍ കര്‍ശന നടപടി’

single-img
21 September 2017

ഐക്യരാഷ്ട്രസഭയില്‍ ഇറാനെതിരേ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നടത്തിയ പ്രസംഗത്തിന് മറുപടിയുമായി ഇറാന്‍ പ്രസിഡന്റ് ഹസന്‍ റുഹാനി രംഗത്ത്. ട്രംപിന്റെ പ്രസംഗം അജ്ഞതയും ഭീഷണിയും നിറഞ്ഞതാണ്. ഇറാന്‍ ആരുടെയും ഭീഷണിക്ക് വഴങ്ങില്ല.

രാഷ്ട്രീയത്തില്‍ തെമ്മാടിയായ നവാഗതനാണ് ട്രംപെന്നും റുഹാനി കുറ്റപ്പെടുത്തി. ആണവ ഉടമ്പടി റദ്ദാക്കുമെന്ന ട്രംപിന്റെ ഭീഷണി വിലപ്പോകില്ലെന്നും യുഎന്‍ പൊതുസഭയില്‍ പ്രസംഗിക്കവെ റുഹാനി പറഞ്ഞു. ആണവ കരാര്‍ ആദ്യം ലംഘിക്കുന്നത് ഒരിക്കലും ഇറനായിരിക്കുകയില്ലെന്നും അങ്ങനെയൊരു നീക്കം ഏത് രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായാലും ഇറാന്‍ ശക്തമായി അതിനെ എതിര്‍ക്കുമെന്നും റുഹാനി വ്യക്തമാക്കി.

യുഎന്‍ പൊതുസഭയില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസംഗമാണു പുതിയ വിവാദങ്ങള്‍ക്കു തിരികൊളുത്തിയത്. അക്രമവും രക്തചൊരിച്ചിലുമാണ് ഇറാന്റെ പ്രധാന കയറ്റുമതിയെന്നും മധ്യേഷ്യയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത് ഇറാനാണെന്നുമായിരുന്നു ട്രംപിന്റെ പ്രസ്താവന. ഇറാനുമായുള്ള ആണവ കരാറിനെയും ട്രംപ് ശക്തമായി അപലപിച്ചിരുന്നു. ഇറാനെ തെമ്മാടിരാഷ്ട്രമെന്നാണ് ട്രംപ് തന്റെ പ്രസംഗത്തില്‍ വിശേഷിപ്പിച്ചത്.