രാജ്യത്തെ ആധുനികവത്കരിക്കാനും അഭിവൃദ്ധിപ്പെടുത്താനും പ്രവാസികള്‍ പരിശ്രമിക്കണമെന്ന് രാഹുല്‍ ഗാന്ധി

single-img
21 September 2017

ന്യൂയോര്‍ക്ക്: ഇന്ത്യയെ പരിവര്‍ത്തനം ചെയ്‌തെടുക്കാന്‍ മടങ്ങിയെത്തിയ പ്രവാസികളായിരുന്നു മഹാത്മാഗാന്ധിയും നെഹ്‌റുവുമെന്ന് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രണ്ടാഴ്ച്ച നീണ്ട അമേരിക്കന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി ടൈംസ് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ആധുനികവത്കരിക്കാനും അഭിവൃദ്ധിപ്പെടുത്താനും പ്രവാസികള്‍ പരിശ്രമിക്കണമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ്സ് മുന്നേറ്റമെന്നത് യഥാര്‍ഥത്തില്‍ പ്രവാസി മുന്നേറ്റമാണ്. മഹാത്മാ ഗാന്ധി പ്രവാസിയായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റു ഇംഗ്ലണ്ട് ജീവിതം അവസാനിപ്പിച്ചാണ് മടങ്ങിയത്. അംബേദ്കറും, അബുല്‍ കലാം ആസാദും, സര്‍ദാര്‍ പട്ടേലുമെല്ലാം പ്രവാസികളായിരുന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

അവരിലോരോരുത്തരും ഇന്ത്യക്ക് അപ്പുറമുള്ള ലോകത്തേക്ക് വന്നു. ആ പുറം ലോകത്തെ കണ്ടു. അങ്ങനെ ആര്‍ജ്ജിച്ച അറിവും ആശയങ്ങളുമാണ് ഇന്ത്യയുടെ പരിവര്‍ത്തനത്തിന് അവര്‍ ഉപയോഗപ്പെടുത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം പ്രസംഗം കേള്‍ക്കാനെത്തിയ പ്രവാസികളെ പ്രഭാഷണത്തിനിടെ രാഹുല്‍ കോണ്‍ഗ്രസ്സിലേക്ക് ക്ഷണിക്കുകയും ചെയ്തു.

കോണ്‍ഗ്രസ്സിന്റെ ഭാഗമാവാനുള്ള അറിവും വിജ്ഞാനവും നിങ്ങള്‍ക്കുണ്ട്. അതിനാല്‍ തന്നെ ഞാന്‍ നിങ്ങളെ കോണ്‍ഗ്രസ്സിനൊപ്പം പ്രവര്‍ത്തിക്കാന്‍ ക്ഷണിക്കുകയാണെന്നും ഞങ്ങള്‍ക്ക് നിങ്ങളുടെ സഹായം വേണമെന്നും അദ്ദേഹം പറഞ്ഞു.

വിഭജന രാഷ്ട്രീയം വിദേശങ്ങളില്‍ ഇന്ത്യയ്ക്ക് ദുഷ്‌പേര് ഉണ്ടാക്കുന്നുണ്ട്. അത്തരത്തില്‍ വിഭജന രാഷ്ട്രീയം കളിക്കുന്നവര്‍ക്കെതിരെ പ്രവാസികള്‍ നിലകൊള്ളണമെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. തന്റെ ഇതുവരെയുള്ള സംസാര രീതിയില്‍ നിന്ന് മാറിക്കൊണ്ട് കഴിഞ്ഞ രണ്ടാഴ്ച്ചയായി അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ രാഹുല്‍ ഗാന്ധി നടത്തിയ പ്രഭാഷണങ്ങളും ആശയങ്ങളും വ്യത്യസ്തമായിരുന്നു.