പഴുതടച്ച് നിര്‍ണായക നീക്കങ്ങളുമായി പോലീസ്: കാവ്യാമാധവനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും

single-img
21 September 2017

നടിയെ ആക്രമിച്ച കേസില്‍ കാവ്യാമാധവനെയും നാദിര്‍ഷയെയും വീണ്ടും ചോദ്യം ചെയ്യും. ഇതിനുശേഷമായിരിക്കും കുറ്റപത്രം സമര്‍പ്പിക്കുക. ദിലീപിന്റെ സഹായി അപ്പുണ്ണിയെ കേസില്‍ പ്രതിയാക്കണമോയെന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതേസമയം അന്വേഷത്തിന്റെ വിവിധഘട്ടങ്ങളില്‍ നാദിര്‍ഷയുടെ പങ്കിലേക്ക് നയിക്കുന്ന തെളിവുകള്‍ ലഭിച്ചിരുന്നു.

നാദിര്‍ഷയെ വീണ്ടും ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്പോള്‍ ചില നിര്‍ണായക നീക്കങ്ങളുണ്ടാകുമെന്നാണ് സൂചന. നേരത്തെ രണ്ടുതവണ ചോദ്യം ചെയ്‌തെങ്കിലും നാദിര്‍ഷ പല കാര്യങ്ങളും മറച്ചുവയ്ക്കുന്നതായാണ് പോലീസിന്റെ നിഗമനം. അതേസമയം പള്‍സര്‍ സുനി വസ്ത്രശാലയായ ലക്ഷ്യയില്‍ എത്തിയതുമായി ബന്ധപ്പെട്ടാണ് കാവ്യയെ ചോദ്യം ചെയ്യുന്നത്. നാദിര്‍ഷ, കാവ്യ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി വിധി വന്ന ശേഷമായിരിക്കും ചോദ്യം ചെയ്യല്‍.

പൊലീസ് തന്നെ ഭീഷണിപ്പെടുത്തുകയാണന്നും അറസ്റ്റ് ചെയ്‌തേക്കുമെന്ന ആശങ്കയുണ്ടെന്നും ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് നാദിര്‍ഷയും കാവ്യയും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ഇക്കഴിഞ്ഞ ബുധനാഴ്ച ജാമ്യഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് ഇരുവരുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജി ഹൈക്കോടതി 25ലേക്ക് മാറ്റി വെയ്ക്കുകയായിരുന്നു. സാങ്കേതിക കാരണങ്ങളാലാണ് വിധി പറയുന്നത് മാറ്റിവെച്ചിരിക്കുന്നത്.

അതേസമയം ദിലീപിനെതിരായ കുറ്റപത്രം ഒക്ടോബര്‍ ഏഴിനു മുമ്പ് നല്‍കുമെന്ന് പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. 90 ദിവസം കഴിഞ്ഞാല്‍ ദിലീപിന് സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ട്. ആ സാഹചര്യം ഒഴിവാക്കാനാണ് കുറ്റപത്രം തയ്യാറാക്കുന്നത് സംബന്ധിച്ച ജോലികള്‍ അന്വേഷണസംഘം വേഗത്തിലാക്കിയത്. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുക.

കേസില്‍ പള്‍സര്‍ സുനിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും ദിലീപിനെതിരെയും ഉണ്ടാകും. ബലാത്സംഗശ്രമം, തട്ടിക്കൊണ്ടുപോകല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍, സംഘംചേര്‍ന്നുള്ള കുറ്റകൃത്യം എന്നിവയ്ക്കു പുറമെ ഗൂഢാലോചന, പ്രേരണാക്കുറ്റം, തെളിവുനശിപ്പിക്കല്‍ എന്നിവകൂടി ദിലീപിനെതിരെ ചുമത്താനാണ് നീക്കം. ചരിത്രത്തിലെ ആദ്യ ലൈംഗിക ക്വട്ടേഷന്‍ കേസെന്ന ഗൗരവവും ഇതിനു നല്‍കുന്നതിനാല്‍ ജീവപര്യന്തം ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ദിലീപിനെതിരെ ചുമത്തിയിട്ടുള്ളത്.

ഉന്നത സ്വാധീനമുള്ള ദിലീപ് പുറത്തുവന്നാല്‍ അന്വേഷണത്തെ പ്രതികൂലമായി ബാധിക്കുമെന്ന് പൊലീസ് കരുതുന്നു. അത് ഒഴിവാക്കാനാണ് പ്രധാന തെളിവുകളിലൊന്നായ മൊബൈല്‍ ഫോണ്‍ കണ്ടെത്തും മുമ്പ് കുറ്റപത്രം നല്‍കുന്നത്. കുറ്റപത്രം സമര്‍പ്പിച്ചശേഷവും മൊബൈല്‍ ഫോണുമായി ബന്ധപ്പെട്ട അന്വേഷണം തുടരുമെന്ന് പൊലീസ് പറഞ്ഞു. കേസിലെ സാക്ഷിമൊഴികളും അനുബന്ധ തെളിവുകളും കൂട്ടിയിണക്കിയാണ് അന്വേഷണം പുരോഗമിക്കുന്നത്.