മമത ബാനര്‍ജിക്ക് തിരിച്ചടി: മുഹറത്തിന് വിഗ്രഹ നിമജ്ജനം നടത്താമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി

single-img
21 September 2017

മുഹറത്തിന് ദുര്‍ഗാഷ്ടമിയോട് അനുബന്ധിച്ചുള്ള വിഗ്രഹ നിമജ്ജന ഘോഷയാത്ര പാടില്ലെന്ന പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ഉത്തരവിന് തിരിച്ചടി. മുഹറത്തിന് വിഗ്രഹ നിമജ്ജനം നടത്താമെന്ന് കൊല്‍ക്കത്ത ഹൈക്കോടതി ഉത്തരവിട്ടു.

മുഹറ ദിനം ഉള്‍പ്പെടെ എല്ലാ ദിവസവും രാത്രി 12 വരെ വിഗ്രഹനിമജ്ജനം നടത്താമെന്നും കോടതി വ്യക്തമാക്കി. സര്‍ക്കാര്‍ ഇതിന് സുരക്ഷ ഏര്‍പ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു. വിഗ്രഹ നിമജ്ജനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയ നടപടി ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജിയിലായിരുന്നു കോടതി ഉത്തരവ്.

എന്തെങ്കിലും അരുതാത്തത് സംഭവിക്കും എന്ന് കരുതി നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ല എന്നും കോടതി പറഞ്ഞു. കൂടാതെ ഹൈക്കോടതി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ നിശിതമായി വിമര്‍ശിക്കുകയും ചെയ്തു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കുമിടയില്‍ പ്രത്യേക നിയന്ത്രണ രേഖയൊന്നും വരയ്‌ക്കേണ്ട ആവശ്യമില്ല, രാജ്യത്തെ പൗരനെന്ന നിലയില്‍ മതവിശ്വാസം കാത്ത് സൂക്ഷിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. ഇതില്‍ ക്രമസമാധാനത്തിന്റെ പേര് പറഞ്ഞ് മാത്രം നിയന്ത്രണം ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഇത്തവണ മുഹറവും ദുര്‍ഗ്ഗ പൂജയും ഒരേ ദിവസമായാതിനാല്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി മുഹറം ആഘോഷിക്കുന്ന 24 മണിക്കൂര്‍ ദുര്‍ഗ്ഗ വിഗ്രഹ നിമജ്ജനം പാടില്ല എന്നൊരു നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നു. എന്നാല്‍ സംസ്ഥാന ബിജെപി ഘടകം മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ എതിര്‍ക്കുകയും കോടതിയെ സമീപിക്കുകയും ചെയ്യുകയായിരുന്നു.

2016 ലും ഇതേപോലെ ഒരു നിര്‍ദ്ദേശം മമത ബാനര്‍ജി മുന്നോട്ടു വച്ചിരുന്നു, പക്ഷേ അത് കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു. ഇന്ത്യയില്‍ ഹിന്ദുക്കളുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് നവരാത്രി മഹോത്സവം. പശ്ചിമ ബംഗാളിനെ സംബന്ധിച്ചിടത്തോളം നവരാത്രി കാലയളവിലുള്ള ദുര്‍ഗ്ഗ പൂജ അവരുടെ ഏറ്റവും വലിയ ആഘോഷമാണ്. ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന ദുര്‍ഗ്ഗ പൂജ വളരെ സന്തോഷത്തോടെയും ഉല്ലാസത്തോടെയുമാണ് അവര്‍ ആഘോഷിക്കുന്നത്.