മിന്നലാക്രമണത്തിന്റെ വിജയത്തിന് പിന്നില്‍ വന്‍ തയ്യാറെടുപ്പുകള്‍; കമാന്‍ഡോകള്‍ക്ക് ഒട്ടേറെത്തവണ പരിശീലനം നല്‍കി: ലഫ്റ്റനന്റ് ജനറലിന്റെ വെളിപ്പെടുത്തല്‍

single-img
21 September 2017

പാക്കിസ്ഥാനെതിരെ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന്റെ വിജയത്തിന് പിന്നില്‍ വന്‍ തയ്യാറെടുപ്പുകള്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തലുമായി ലഫ്റ്റനന്റ് ജനറല്‍ ഡി.എസ്. ഹൂഡ. ആരും പരിക്കേല്‍ക്കാതെ തിരിച്ചെത്തണമെന്ന ലക്ഷ്യത്തോടെ കമാന്‍ഡോകള്‍ക്ക് ഒട്ടേറെത്തവണ പരിശീലനം നല്‍കി.

ആളപായം ഉണ്ടാകാനുള്ള സാദ്ധ്യത വളരെ കൂടുതലായതിനാല്‍ അത്തരത്തിലൊരു സാഹചര്യം ഒഴിവാക്കുകയായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അതില്‍ ഞങ്ങള്‍ വിജയിക്കുക തന്നെ ചെയ്തു. ഒരാപത്തും സംഭവിക്കാതെ എല്ലാ സൈനികരും തിരിച്ചെത്തിയെന്നും ഹൂഡ പറഞ്ഞു.

ഏതെങ്കിലും തരത്തിലുള്ള അപകടങ്ങള്‍ സംഭവിച്ചാല്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഹെലിക്കോപ്റ്ററുകള്‍ തയാറാക്കി നിര്‍ത്തിയിരുന്നു. ഇതിനായി ഒട്ടേറെ പദ്ധതികളാണു തയാറാക്കിയിരുന്നത്. അത്തരത്തിലൊരു അപകടമുണ്ടായാല്‍ അതില്‍നിന്ന് എങ്ങനെ രക്ഷപെടാം, എന്തൊക്കെ പ്രശ്‌നങ്ങളാണ് ഉണ്ടാകാന്‍ സാധ്യത അങ്ങനെ പലകാര്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്തിരുന്നു.

ആകാശമാര്‍ഗത്തിലൂടെ വേണോ അതോ അതിര്‍ത്തിയില്‍നിന്നു കൂടുതല്‍ സൈനികരെ അയയ്ക്കണമോയെന്നുവരെ ചിന്തിച്ചു. അങ്ങനെയൊരു രക്ഷപ്പെടുത്തലിനായി എപ്പോഴും തയാറായിരുന്നു ഇന്ത്യന്‍ സേന. പാക്കിസ്ഥാനില്‍ നടത്തിയ ഈ മിന്നലാക്രമണത്തിനു തങ്ങള്‍ ദൃക്‌സാക്ഷികളായിരുന്നു.

വിഡിയോ സ്ട്രീമിങ്ങിലൂടെ എല്ലാം തല്‍സമയം കാണുന്നുണ്ടായിരുന്നുവെന്നും ഹൂഡ പറഞ്ഞു. എന്താണു അവിടെ സംഭവിച്ചതെന്നു വെളിപ്പെടുത്താനാകില്ല. ആക്രമണത്തിന്റെ മുഴുവന്‍ വിവരങ്ങളും അപ്പോള്‍ ലഭിച്ചിരുന്നില്ലെങ്കിലും ആക്രമണരീതികള്‍ വ്യക്തമായിരുന്നു.

ഇരുട്ടിന്റെ മറവില്‍ ഏതൊക്കെ സൈനികര്‍ തമ്മിലാണ് ഏറ്റുമുട്ടല്‍ നടത്തിയതെന്നും വ്യക്തമായിരുന്നില്ല. തങ്ങളുടെ പദ്ധതിക്കനുസരിച്ചുതന്നെയാണോ നടപ്പാക്കലെന്നു അറിയുന്നതിനായിരുന്നു ഇതെന്നും ലഫ്റ്റനന്റ് ജനറല്‍ ഹൂഡ പറഞ്ഞു.

2016 ജൂണ്‍ പതിനഞ്ചിനുശേഷം മ്യാന്‍മറിനു സമീപം ഒട്ടേറെ ആക്രമണങ്ങള്‍ നടന്നിരുന്നു. ഈ സമയത്തു പാക്കിസ്ഥാന്‍ പ്രകോപനപരമായ പ്രസ്താവനകള്‍ പലപ്പോഴും നടത്തിയിരുന്നു. ഇന്ത്യയുടെ തിരിച്ചടിക്കു മറുപടി നല്‍കാന്‍ കഴിയുമെന്നും അവര്‍ വെല്ലുവിളിച്ചു.

ഇതോടെയാണു മിന്നലാക്രമണമെന്ന തീരുമാനത്തിലേക്കു ഞങ്ങളെത്തിയത്. ഒരിക്കല്‍ മിന്നലാക്രമണം നടത്തിയാല്‍ അവര്‍ മിണ്ടാതിരിക്കുമെന്നു ഞങ്ങള്‍ കണക്കുകൂട്ടി. അങ്ങനെ തന്നെ നടന്നതാണു ഞങ്ങളുടെ വിജയമെന്നും ഹൂഡ പറഞ്ഞു. നിയന്ത്രണരേഖ കടന്ന് പാക്കിസ്ഥാനെതിരെ ഇന്ത്യന്‍ സേന നടത്തിയ മിന്നലാക്രമണത്തിന് ഒരുവര്‍ഷം തികയാനിരിക്കെയാണ് ലഫ്: ജനറല്‍ ഹൂഡയുടെ വെളിപ്പെടുത്തല്‍.