ജിയോയുടെ ഫീച്ചര്‍ ഫോണ്‍ ബുക്ക് ചെയ്തവര്‍ ഇനിയും കാത്തിരിക്കണം: വിതരണം അടുത്തമാസത്തേക്ക് മാറ്റി

single-img
21 September 2017

ന്യൂഡല്‍ഹി: ജിയോയുടെ ഫീച്ചര്‍ ഫോണിന്റെ വിതരണം വൈകും. സെപ്തംബര്‍ ആദ്യവാരം ഫോണിന്റെ വിതരണം നടത്തുമെന്നാണ് റിലയന്‍സ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, കൂടുതല്‍ ആളുകള്‍ ബുക്ക് ചെയ്തത് മൂലം ഒക്ടോബര്‍ ഒന്നിലേക്ക് വിതരണം നീട്ടുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ മാസം കമ്പനി പുറത്തുവിട്ട കണക്കുപ്രകാരം പത്ത് ലക്ഷത്തോളം ഫോണുകളാണ് ബുക്ക് ചെയ്തത്. ജിയോ ഫീച്ചര്‍ ഫോണ്‍ ബുക്ക് ചെയ്തിട്ടുണ്ടെങ്കില്‍ ഓണ്‍ലൈനായും ഓഫ് ലൈനായും ഡെലിവറി സ്റ്റാറ്റസ് പരിശോധിക്കാന്‍ കഴിയും. ഓണ്‍ലൈനിലാണെങ്കില്‍ മൈ ജിയോ ആപ്പില്‍ ട്രാക്ക് ഓര്‍ഡറിലെത്തി വിവരങ്ങള്‍ നല്‍കിയാല്‍ മതി. ഓഫ്‌ലൈനില്‍ വിവരം ലഭിക്കാന്‍, രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍നിന്ന് കസ്റ്റമര്‍ കെയര്‍ നമ്പറായ 18008908900ലേയ്ക്ക് വിളിക്കുക.

ഉടനെതന്നെ എസ്എംഎസ് ലഭിക്കും. ഡെലിവറി തിയതിയും സ്റ്റോര്‍ വിവരങ്ങളും അതിലുണ്ടാകും. ഫോണ്‍ കിട്ടുന്ന തിയതി ലഭിച്ചാല്‍ ബാക്കിയുള്ള തുകയായ 1000 രൂപ നല്‍കി സ്റ്റോറില്‍നിന്ന് ഫോണ്‍ സ്വന്തമാക്കാം. 153 രൂപയില്‍ തുടങ്ങുന്ന ഡാറ്റ പായ്ക്ക് തിരഞ്ഞെടുക്കുകയുമാകാം. നേരത്തെ ഫോണ്‍ ബുക്ക് ചെയ്യാന്‍ കഴിയാത്തവര്‍ക്ക് ഉടനെ അതിനുള്ള സൗകര്യം ലഭിക്കുമെന്നും വെബ് സൈറ്റില്‍ വ്യക്തമാക്കിയിട്ടുണ്ട്.

പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് അറിയിച്ചാണ് റിലയന്‍സ് ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചത്. 500 രൂപ നല്‍കി ഫോണ്‍ ബുക്ക് ചെയ്യണം. ഫോണ്‍ വിതരണം നടത്തുന്ന സമയത്ത് 1000 രൂപ കൂടി നല്‍കണം. മൂന്ന് വര്‍ഷത്തിന് ശേഷം ഫോണ്‍ തിരിച്ച് നല്‍കിയാല്‍ പണം മുഴുവന്‍ തിരിച്ച് നല്‍കുന്ന രീതിയിലാണ് ഫീച്ചര്‍ ഫോണ്‍ അവതരിപ്പിച്ചത്. 512 എം.ബി റാം 4 ജി.ബി റോം 2 മെഗാപിക്‌സല്‍ പിന്‍ കാമറ, വി.ജി.എ മുന്‍കാമറ, 2.4 ഇഞ്ച് സ്‌ക്രീന്‍, 2,000 ാഅവ ബാറ്ററി എന്നിവയാണ് ജിയോ ഫോണിന്റെ മുഖ്യസവിശേഷതകള്‍.