യുവാക്കളിലും ഹൃദ്രോഗം വില്ലനാകുന്നു: രാജ്യത്ത് ഏറ്റവുമധികം പേര്‍ മരിക്കുന്നതു ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണം

single-img
21 September 2017

തിരുവനന്തപുരം: രാജ്യത്ത് ഏറ്റവുമധികം പേര്‍ മരിക്കുന്നതു ഹൃദ്രോഗം മൂലമെന്ന് പഠനം. കഴിഞ്ഞ വര്‍ഷം രാജ്യത്തെ ആകെ മരണങ്ങളില്‍ 28 ശതമാനവും ഹൃദയ സംബന്ധമായ അസുഖങ്ങള്‍ കാരണമാണെന്നാണ് ലാന്‍സെറ്റ് ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

അതേസമയം ഹൃദ്രോഗത്തെത്തുടര്‍ന്നു മരിക്കുന്ന യുവാക്കളുടെ എണ്ണവും വര്‍ധിക്കുന്നതായും കഴിഞ്ഞ വര്‍ഷം മരിച്ച 98 ലക്ഷം പേരില്‍ 28 ലക്ഷത്തോളം പേര്‍ക്കും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു പതിറ്റാണ്ട് മുന്‍പുള്ള കണക്കുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ പകര്‍ച്ചവ്യാധികള്‍, പോഷകക്കുറവ്, അമ്മയുടെ ആരോഗ്യസംബന്ധമായ കാരണങ്ങള്‍ എന്നിവ മൂലമുള്ള മരണങ്ങള്‍ കുറയുകയും ജീവിത ശൈലീ രോഗങ്ങള്‍ മൂലമുള്ള മരണങ്ങള്‍ കൂടുകയും ചെയ്യുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

രക്തസമ്മര്‍ദ്ദമാണു മരണത്തിലേക്ക് നയിക്കുന്ന ഘടകങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത്. രക്തസമ്മര്‍ദം മൂലം ഏകദേശം 16.3 ലക്ഷം പേര്‍ മരണമടയുന്നു. 1970 നെ അപേക്ഷിച്ച് ഇത് 108 ശതമാനം കൂടുതലാണ്. പത്തു ലക്ഷത്തോളം വീതം മരണങ്ങള്‍ വായുമലിനീകരണം മൂലവും പ്രമേഹം മൂലവും ഉണ്ടാകുന്നുണ്ട്.

ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് ഉയരുന്നതു ലാഘവത്തോടെ കാണരുതെന്ന് പഠനം നടത്തിയ ഡോക്ടര്‍മാരില്‍ ഒരാളായ ഡോ. ജീമോന്‍ പറയുന്നു. ഇപ്പോഴും ഹൃദയാഘാതം പോലുള്ള രോഗങ്ങളെ തടയാന്‍ കഴിയുന്ന മരുന്നു ലഭ്യമല്ലെന്നും ഇത്തരം കാരണങ്ങളാല്‍ രോഗത്തിന്റെ അവസ്ഥ മൂര്‍ച്ഛിക്കുകയും മരണത്തോത് വര്‍ധിക്കുകയും ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ പുതിയ പദ്ധതികളായ കുടുംബ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തെ പ്രതീക്ഷയോടെയാണു നോക്കിക്കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.