‘മൂന്ന് വയസ്സുള്ള കുട്ടിക്ക് സുന്നത്ത് നടത്തുന്നു; ശരീരത്തിന്റെ ഒരു ഭാഗം മുറിച്ച് കളയുന്നതിനെതിരെ കേസുമില്ല; ആലിലക്കണ്ണനാവാന്‍ കുട്ടിയെ കെട്ടിയിട്ടാല്‍ കേസ്’: ചിദാന്ദപുരിയുടെ പ്രഭാഷണം വിവാദത്തില്‍

single-img
21 September 2017

കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയും പ്രമുഖ വേദാന്തിയുമായ സ്വാമി ചിദാന്ദപുരി നടത്തിയ ആത്മീയ പ്രഭാഷണം വിവാദത്തില്‍. മുസ്ലിങ്ങളുടെ സുന്നത്ത് കര്‍മ്മത്തെ അതിനിശിതമായ ഭാഷയിലാണ് ചിദാന്ദപുരി വിമര്‍ശിച്ചിരിക്കുന്നത്. കൊളത്തൂര്‍ അദ്വൈതാശ്രമത്തിന്റെ രജതജൂബിലി ആഘോഷത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് മാവുങ്കാലില്‍ നടത്തിയ പ്രഭാഷണത്തിലായിരുന്നു ചിദാന്ദപുരിയുടെ വിമര്‍ശനം.

പയ്യന്നൂരില്‍ വിവേകാനന്ദ സേവാ സമിതിയുടെ ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയില്‍ ആലിലക്കണ്ണനാവാന്‍ മൂന്നു വയസ്സുള്ള കുട്ടിയെ കെട്ടിയിട്ടു രണ്ടര മണിക്കൂര്‍ പ്രദര്‍ശിപ്പിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു.

ഈ സംഭവത്തെ കുറിച്ച് പറയുമ്പോഴാണ് ഇസ്ലാംമത വിശ്വാസത്തെ ചിദാന്ദപുരി വിമര്‍ശിച്ചത്. മൂന്ന് വയസ്സുള്ള കുട്ടിയെ അച്ഛന്റേയും അമ്മയുടേയും മതവിശ്വാസ പ്രകാരമാണ് നിര്‍ബന്ധിച്ച് സുന്നത്ത് ചെയ്യിക്കുന്നത്. പണ്ടൊക്കെ ഇതിനായി ഒസ്സാന്‍ വീടുകളില്‍ വരുമ്പോള്‍ കുട്ടികള്‍ ഓടിപ്പോകാറാണ് പതിവ്.

എന്നാല്‍ ഇപ്പോള്‍ അത് മാറി. ആശുപത്രികളിലും മറ്റുമായി ഡോക്ടര്‍മാരാണ് നിര്‍വ്വഹിക്കുന്നത്. ശരീരത്തിന്റെ ഒരു ഭാഗം മുറിച്ച് കളയുന്നത് മത വിശ്വാസത്തിന്റെ ഭാഗമാണ്. മുതിര്‍ന്നവര്‍ നിര്‍ബന്ധിച്ച് ചെയ്യിക്കുന്ന ഈ കൃത്യത്തിനെതിരെ ഒരു കേസുമില്ല. നടപടിയുമില്ലെന്ന് ചിദാന്ദപുരി പറഞ്ഞു.

കുട്ടികളെ കൃഷ്ണനായി വേഷം കെട്ടിച്ചതാണ് ഇപ്പോള്‍ ഏറ്റവും വലിയ പ്രശ്‌നമായി കാണുന്നത്. ശ്രീകൃഷ്ണ ജന്മാഷ്ഠമി ദിവസം ആലിലകണ്ണനായി വേഷം കെട്ടുന്നത് ഏത് കുഞ്ഞും ആഗ്രഹിക്കുന്നതാണ്. അല്ലാതെ മുതിര്‍ന്നവര്‍ക്ക് കൊച്ചു കൃഷ്ണനായി വേഷം കെട്ടാനാകുമോ? ബാലാവകാശകമ്മീഷന്‍ കേസെടുത്തത് ഹൈന്ദവ സമൂഹത്തിനോടുള്ള നീതി നിഷേധത്തിന്റെ ഉദാഹരണമാണിതെന്നും ചിദാന്ദപുരി പറഞ്ഞു.

കടപ്പാട്: മറുനാടന്‍മലയാളി