തുടക്കത്തില്‍ പേരുകളും സ്ഥലങ്ങളും മറന്നുപോകും; ആളുകളെ തിരിച്ചറിയാതാകും; സ്വന്തം കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ട് കിടപ്പിലാകും: അല്‍ഷിമേഴ്‌സ് രോഗികള്‍ കൂടുന്നു

single-img
21 September 2017

ഇന്ന് ലോക അല്‍ഷിമേഴ്‌സ് ദിനം. മറവിയുടെ ലോകത്ത് ഒറ്റപ്പെടുന്നവരെ നിസാരമായി തള്ളിക്കളയരുതെന്ന് ഓര്‍മ്മിപ്പിച്ചുകൊണ്ട് ഒരു അല്‍ഷിമേഴ്‌സ് ദിനം കൂടി കടന്നുപോകുന്നു. മനുഷ്യരില്‍ ഓര്‍മകളുടെ താളം തെറ്റിക്കുകയും പീന്നീട് സാവധാനത്തില്‍ ഓര്‍മകളെ മുഴുവന്‍ കാര്‍ന്നെടുക്കുകയും ചെയ്യുന്ന ഡിമന്‍ഷ്യ അഥവാ മേധാക്ഷയം എന്ന രോഗത്തിന്റെ മറ്റൊരു രൂപമാണ് അല്‍ഷിമേഴ്‌സ്.

ഓര്‍മ്മകള്‍ക്ക് തകരാര്‍ സംഭവിച്ച് സമൂഹത്തില്‍നിന്ന് ഒറ്റപ്പെടുന്നവരുടെ എണ്ണം കൂടിവരുന്ന വേളയില്‍ ഈ ദിനത്തിന്റെ പ്രസക്തിയും ഏറി വരുകയാണ്. എന്നാല്‍ മറ്റ് ദിനാചരണങ്ങളെ പോലെ അല്‍ഷിമേഴ്‌സ് ദിനം ആചരിക്കുന്നതുമില്ല. മലയാളികള്‍ക്ക് അല്‍ഷിമേഴ്‌സ് രോഗത്തിന്റെ തീവ്രത എന്തെന്ന് വരച്ചുകാട്ടിയത് ‘തന്മാത്ര’ എന്ന മലളായ ചിത്രം മാത്രമാണ്.

തലച്ചോറിലെ നാഡീകോശങ്ങള്‍ ക്രമേണ ജീര്‍ണിച്ച് മൃതമാവുകയും പിന്നീട് രോഗി മരിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗം. വാര്‍ദ്ധക്യം ബാധിച്ചവരിലാണ് രോഗം പ്രധാനമായും കണ്ടുവരുന്നത്. കേരളത്തിലെ 65 വയസിനു മുകളില്‍ പ്രായമുള്ള 15 പേരില്‍ ഒരാള്‍ക്കും 85 വയസിനു മുകളില്‍ പ്രായമുള്ള പകുതി ആളുകള്‍ക്കും അല്‍ഷിമേഴ്‌സ് രോഗം പിടിപെടുന്നതിനുള്ള സാധ്യതകള്‍ ഉണ്ടെന്നാണ് പഠനങ്ങളിലൂടെ വ്യക്തമാകുന്നത്.

വാര്‍ധക്യത്തില്‍ കണ്ടുവരുന്ന പ്രധാന രോഗമാണെന്ന പ്രചരണം ഉണ്ടെങ്കിലും ഇന്ത്യയില്‍ 50 വയസിനു താഴെയുള്ളവര്‍ക്കും എണ്ണത്തില്‍ കുറവാണെങ്കിലും രോഗലക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ 3.7 കോടി ജനങ്ങള്‍ അല്‍ഷിമേഴ്‌സ് രോഗം കൊണ്ടുള്ള ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നുണ്ടെന്നാണ് ആരോഗ്യ വകുപ്പിന്റെ സര്‍വേ വ്യക്തമാക്കുന്നത്. അപകടകരമായ ഈ രോഗത്തിന് സ്ത്രീകളാണ് കൂടുതലും അടിമപ്പെടുന്നത്.

മറവിയെ വാര്‍ദ്ധക്യത്തിന്റെ ഭാഗമായി പഴിചാരി ജീവിക്കുന്ന നമുക്ക് രോഗലക്ഷണം കണ്ടുപിടിക്കുന്നത് പ്രയാസകരമാണ്. ഏറ്റവും അടുത്തുനടക്കുന്ന കാര്യങ്ങള്‍ മറക്കുന്ന രോഗികള്‍ ബാല്യകാലം വ്യക്തമായി ഓര്‍ക്കും എന്നതാണ് രോഗത്തിന്റെ പ്രത്യേകത.

തുടക്കത്തില്‍ പേരുകളും സ്ഥലങ്ങളും മറന്നുപോകുന്ന രോഗി തുടര്‍ന്ന് ആളുകളെ തിരിച്ചറിയാന്‍ കഴിയാതാവുകയും സ്വന്തം കാര്യങ്ങള്‍ ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ട് കിടപ്പിലാകുന്ന സ്ഥിതിയിലുമാകും. രോഗം നിര്‍ണയം നടത്താമെങ്കിലും പാശ്ചാത്യരാജ്യങ്ങളില്‍ പോലും വൈദ്യശാസ്ത്രം അല്‍ഷിമേഴ്‌സ് രോഗത്തെ തടയാന്‍ മരുന്ന് ഇനിയും കണ്ടെത്തിയിട്ടില്ല.

നാഡീകേന്ദ്രത്തെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയാത്തതിനാല്‍ സ്മൃതികളുടെ തന്മാത്രകള്‍ നഷ്ടപ്പെട്ട ഇവര്‍ക്ക് ജീവിതത്തില്‍ രോഗത്തില്‍നിന്നും പൂര്‍ണമായ മോചനം ഇല്ലായെന്നതാണ് വാസ്തവം. സ്മൃതിനാശം സംഭവിച്ച് ഭാവനകളുടെ ലോകത്ത് അമരുന്ന രോഗബാധിതരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുന്നത് അസാധ്യമാണെങ്കിലും സ്‌നേഹത്തിന്റെയും സ്വാന്തനത്തിന്റെയും പരിചരണം ഇവര്‍ക്ക് നല്‍കാം.