‘ഇതെന്ത് നാടാണെന്ന്’ യോഗിയോട് ജനങ്ങള്‍: യുപിയില്‍ നടക്കുന്നത് ഓരോ പന്ത്രണ്ട് മണിക്കൂറിലും ഒരു ഏറ്റുമുട്ടല്‍

single-img
20 September 2017

ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ഓരോ പന്ത്രണ്ട് മണിക്കൂറിലും ഒരു ഏറ്റുമുട്ടല്‍ നടക്കുന്നുവെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ആറുമാസത്തിനിടയില്‍ ഉത്തര്‍പ്രദേശില്‍ 430 ഏറ്റുമുട്ടലുകള്‍ ഉണ്ടായെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു.

2017 മാര്‍ച്ചിനു ശേഷം രാജ്യത്ത് കലാപങ്ങള്‍ ഒന്നും ഉണ്ടായില്ല. ജനങ്ങള്‍ക്ക് തങ്ങള്‍ സുരക്ഷിതരാണെന്ന വിശ്വാസം ഇപ്പോള്‍ ഉണ്ടെന്നും മുന്‍ സര്‍ക്കാരിന്റെ കാലത്ത് ആഴ്ചയില്‍ രണ്ടു പ്രധാനപ്പെട്ട കലാപങ്ങള്‍ ഉണ്ടാകാറുണ്ടെന്നും യോഗി പറഞ്ഞിരുന്നു. ഇതിനു പിന്നാലെ പുറത്ത് വന്ന സര്‍ക്കാര്‍ രേഖകളിലാണ് നാട്ടിലെ സമാധാനന്തരീക്ഷം എത്രത്തോളമാണെന്ന് വ്യക്തമാകുന്നത്.

മാര്‍ച്ച് 20നും സെപ്റ്റംബര്‍ 18നുമിടയില്‍ നടന്ന 431 ഏറ്റുമുട്ടലുകളിലായി 17 പേര്‍ കൊല്ലപ്പെട്ടെന്നാണ് കണക്കുകള്‍. 22 പോലീസുകാര്‍ ഏറ്റുമുട്ടലില്‍ മരിക്കുകയും 88 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുവരെ നടന്ന അക്രമസംഭവങ്ങളില്‍ 1106 കുറ്റവാളികളെ പോലീസ് പിടികൂടിയെന്നും യു.പി പോലീസ് പുറത്തുവിട്ട കണക്കുകളില്‍ പറയുന്നുണ്ട്. വരും ദിവസങ്ങളിലും ഏറ്റുമുട്ടലുകളുമായി മുന്നോട്ടു പോകുമെന്ന് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ ആനന്ദ് കുമാര്‍ വ്യക്തമാക്കി.

അതേസമയം ഏറ്റുമുട്ടലിന് നേതൃത്വം നല്‍കുന്ന സംഘത്തിന് ഒരു ലക്ഷം രൂപ വരെ സര്‍ക്കാര്‍ പ്രതിഫലം പ്രഖ്യാപിച്ചിട്ടുമുണ്ട്. പൊലീസ് മനപ്പൂര്‍വ്വം ഏറ്റുമുട്ടലുകള്‍ സൃഷ്ടിക്കുകയാണെന്ന ആരോപണവും സംസ്ഥാനത്ത് ശക്തമാണ്. ഇതിനെക്കുറിച്ച് പ്രതികരിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ ‘ഞങ്ങള്‍ക്കാരെയും കൊല്ലണമെന്നില്ല പക്ഷെ ഞങ്ങളെ വെടിവെക്കുമ്പോള്‍ തിരിച്ച് വെടിവെക്കാതെ മറ്റെന്ത് ചെയ്യും’ എന്നാണ് പറഞ്ഞത്.

എന്നാല്‍ ക്രിമിനലുകളെ അറസ്റ്റുചെയ്യാനെന്ന് വ്യാജേന സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയാണ് എന്ന് പൊലീസിനെതിരെ വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ക്രമസമാധനത്തിന് ഏറ്റുമുട്ടല്‍ പതിവാക്കുന്ന പൊലീസ് രീതിയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്ത് വന്നു.