വേങ്ങര ഉപതെരഞ്ഞെടുപ്പ്: യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

single-img
20 September 2017

മലപ്പുറം: വേങ്ങര നിയോജക മണ്ഡലത്തിലെ യുഡിഎഫ്, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. ഉപവരണാധികാരിയായ വേങ്ങര ബിഡിഒ മുന്‍പാകെയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ പത്രിക സമര്‍പ്പിച്ചത്.

യുഡിഎഫ് ജില്ലാ നേതൃയോഗത്തിനു ശേഷം നിരവധി പാര്‍ട്ടി പ്രവര്‍ത്തകരുടെയും നേതാക്കന്‍മാരുടെയും സാന്നിധ്യത്തിലാണ് ഖാദര്‍ പത്രിക സമര്‍പ്പിച്ചത്. പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ട് അനുഗ്രഹവും വാങ്ങിയിരുന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി.പി. ബഷീറും ഇന്ന് നാമനിര്‍ദേശക പത്രിക സമര്‍പ്പിച്ചിരുന്നു. മലപ്പുറം ഡെപ്യൂട്ടി കളക്ടര്‍ മുന്‍പാകെയാണ് ബഷീര്‍ പത്രിക സമര്‍പ്പിച്ചത്. രാവിലെ 11 മണിക്ക് പറഞ്ഞ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പത്രിക സമര്‍പ്പണം ഒരു മണിക്കൂറിലധികം വൈകി.

12.15 ഓടെ കളക്ട്രേറ്റ് പരിസരത്ത് നിന്ന് ഇടതു നേതാക്കളായ എ വിജയരാഘവന്‍, പാലോളി മുഹമ്മദ് കുട്ടി, ടി കെ ഹംസ എന്നിവരോടൊപ്പമാണ് പി പി ബഷീര്‍ പത്രിക സമര്‍പ്പിക്കാന്‍ എത്തിയത്. വലിയ വിജയമുണ്ടാകുമെന്ന് ഇരു സ്ഥാനാര്‍ത്ഥികളും പ്രതികരിച്ചു.

പത്രിക സമര്‍പ്പണം പൂര്‍ത്തിയായതോടെ സ്ഥാനാര്‍ത്ഥികള്‍ പരസ്യ പ്രചരണത്തിലേക്ക് കടന്നു. ഇന്ന് മണ്ഡലം കണ്‍വെന്‍ഷന്‍ പൂര്‍ത്തിയാകുന്നതോടെ യുഡിഎഫ് പ്രചരണ ബോര്‍ഡുകള്‍ വേങ്ങരയില്‍ നിറയും. നാളെയാണ് ഇടതുപക്ഷത്തിന്റെ നിയോജക മണ്ഡലം കണ്‍വെന്‍ഷന്‍.