പ്രതിരോധസുരക്ഷാ മേഖലയില്‍ സഹകരിക്കാന്‍ സൗദി അറേബ്യയും ബ്രിട്ടനും കരാര്‍ ഒപ്പുവെച്ചു

single-img
20 September 2017

ജിദ്ദ: പ്രതിരോധസുരക്ഷാ മേഖലയില്‍ സഹകരിക്കുന്നതിനായി സൗദി അറേബ്യയും ബ്രിട്ടനും കരാര്‍ ഒപ്പുവെച്ചു. കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കിള്‍ ഫാലനുമാണ് ജിദ്ദയില്‍ കരാറില്‍ ഒപ്പുവെച്ചത്.

മേഖലയില്‍ ഇറാന്‍ ഭീഷണി ചെറുക്കുന്നതിനും ഇസ്ലാമിക് സ്റ്റേറ്റ് ഭീകരവാദം തടയുന്നതിനും ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും പുതിയ കരാര്‍ ഉപകാരപ്രദമാകുമെന്ന് പ്രതിരോധ വിദഗ്ധര്‍ പറയുന്നു. പ്രതിരോധ സഹമന്ത്രി മുഹമ്മദ് അല്‍ആയിശ്, റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവ് ഫഹദ് അല്‍ഈസ, സായുധ സേനാ ഉപമേധാവി ജനറല്‍ ഫയാദ് അല്‍റുവൈലി, സൗദിയിലെ ബ്രിട്ടീഷ് അംബാസഡര്‍ സൈമണ്‍ കോളിസ് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

യൂറോപ്യന്‍ യൂണിയനില്‍നിന്ന് പിന്‍വാങ്ങുന്നതിന് മുമ്പായി ഗള്‍ഫ് അറബ് രാജ്യങ്ങളില്‍ 400 കോടിയിലധികം ഡോളറിന്റെ നിക്ഷേപം പ്രതിരോധ മേഖലയില്‍ നടത്തുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മെയ് കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചിരുന്നു.

അതേസമയം കരാറിന്റെ വിശദാംശങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. യെമനില്‍ ഹൂത്തി വിമതര്‍ക്കെതിരായി സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സഖ്യശക്തികള്‍ നടത്തിവരുന്ന യുദ്ധത്തിനും പുതിയ കരാര്‍ ശക്തി പകരും.