വിമാന ടിക്കറ്റിന് പണമില്ലെങ്കിലും കുഴപ്പമില്ല: യാത്രചെയ്ത ശേഷം ഘട്ടംഘട്ടമായി അടച്ചു തീര്‍ക്കാവുന്ന പുതിയ പ്ലാനുമായി വിമാനക്കമ്പനി

single-img
20 September 2017

യാത്രക്കാര്‍ക്ക് ടിക്കറ്റ് ചാര്‍ജ് ഘട്ടം ഘട്ടമായി അടച്ചു തീര്‍ക്കാവുന്ന പുതിയ പ്ലാനുമായി യുഎഇ വിമാനക്കമ്പനി. ഇത്തിഹാദ് എയര്‍വേയ്‌സാണ് യാത്രക്കാരം ആകര്‍ഷിക്കാന്‍ പുതിയ പ്ലാനുമായി രംഗത്ത് എത്തിയിരിക്കുന്നത്. വിമാനക്കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂവെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

ബാങ്കും തിരഞ്ഞെടുക്കുന്ന യാത്രാ സ്ഥലവും പരിഗണിച്ചാണ് പണം തിരികെ അടയ്‌ക്കേണ്ട രീതി. ഗള്‍ഫ് മേഖലയിലെ തിരഞ്ഞെടുത്ത 17 ബാങ്കുകളില്‍ നിന്നും മൂന്നു മാസം മുതല്‍ 60 മാസം വരെയുള്ള കാലയളവില്‍ പണം തിരികെ അടയ്ക്കാന്‍ അവസരമുണ്ട്.

കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് വലിയ സഹായമാണ് പുതിയ സംവിധാനമെന്നാണ് വിമാനക്കമ്പനിയുടെ വാദം. യാത്രക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് പുതിയ പദ്ധതിയെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് വൈസ് പ്രസിഡന്റ് പറഞ്ഞു.

വലിയ തുകയാണെങ്കിലും ഘട്ടം ഘട്ടമായി അടച്ചുതീര്‍ത്താല്‍ മതി. പദ്ധതി മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് ഓണ്‍ലൈന്‍ ഇന്‍സ്റ്റാള്‍മെന്റ് സംവിധാനം നല്‍കുന്ന ആദ്യത്തെ വിമാന കമ്പനിയാണ് ഇത്തിഹാദ്.