‘കേസ് ദുര്‍ബലമാക്കാന്‍ പ്രതികള്‍ സംഘടിതമായി തൊണ്ടിമുതല്‍ ഒളിപ്പിച്ചു’: മൊബൈല്‍ ഫോണ്‍ ഇല്ലാതെ തന്നെ ദിലീപിനെ പൂട്ടാമെന്ന വിശ്വാസത്തില്‍ പോലീസ്

single-img
20 September 2017

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് ജയിലിലായി 90 ദിവസം പൂര്‍ത്തിയാക്കുന്നതിനോടൊപ്പം തന്നെ പിഴവുകളില്ലാതെ കുറ്റപത്രം സമര്‍പ്പിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം. എന്നാല്‍ ഇപ്പോഴും പോലീസിനെ കുഴക്കുന്നത് കേസിലെ പ്രധാന തൊണ്ടിമുതലായ മൊബൈല്‍ ഫോണ്‍ തന്നെയാണ്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന ഫോണ്‍ ലഭിക്കാത്തതിനാല്‍ നിര്‍ണായക തൊണ്ടിമുതല്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, ഫോണ്‍ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ അഡ്വ. രാജു ജോസഫ്, നടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം നേരിടുന്ന നടന്‍ ദിലീപ് ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരെയെല്ലാം വിശദമായി ചോദ്യം ചെയ്തിട്ടും ഫോണ്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിരുന്നില്ല.

ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് ദുര്‍ബലമാവുമെന്ന ചിന്തയിലാണു പ്രതികള്‍ സംഘടിതമായി തൊണ്ടി മുതല്‍ ഒളിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പ്രധാന തൊണ്ടിമുതല്‍ ഇല്ലാത്തതിനാല്‍ കേസിലെ സാക്ഷി മൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം.

തൊണ്ടിമുതല്‍ ഇല്ലാതെ കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ഇവ ലഭിച്ച കഴിയുമ്പോള്‍ കുറ്റപത്രം പുതുക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനുള്ള വകുപ്പുണ്ട്. ഇതുപ്രകാരം ഒക്ടോബര്‍ 8ന് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയില്‍ ദിലീപിനെതിരായ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കെമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഗൂഢാലോചന, ബലാത്സംഗം തുടങ്ങിയ കുറ്റങ്ങളായിരിക്കും ദിലീപിനെതിരെ ചുമത്തുക. കുറ്റപത്രം സമര്‍പ്പിച്ചാലും കേസില്‍ അന്വേഷണം തുടരും. പിന്നീട് വിചാരണ നടക്കുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം കൂടി സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.