മെക്‌സികോയില്‍ ഭൂചലനം; 150 മരണം

single-img
20 September 2017

മെക്‌സിക്കന്‍ തലസ്ഥാന നഗരിയെ വിറപ്പിച്ച് ഇന്നലെയുണ്ടായ വന്‍ ഭൂചലനത്തില്‍ 150 മരണം. റിക്ടര്‍ സ്‌കെയിലില്‍ 7.1 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ കെട്ടിടങ്ങള്‍ തകര്‍ന്നുവീണു. ചില കെട്ടിടങ്ങളില്‍ തീപിടിത്തമുണ്ടായിട്ടുണ്ട്. കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

മെക്‌സിക്കോ സിറ്റിക്കടുത്തും മോറെലോസിലുമാണ് ഭൂചലനമുണ്ടായത്. പ്രഭവകേന്ദ്രത്തിന്റെ 75 മൈല്‍ അകലെയുള്ള തലസ്ഥാന നഗരമായ മെക്‌സിക്കോ സിറ്റിയില്‍ 27 കെട്ടിടങ്ങള്‍ തകര്‍ന്നതായി പ്രസിഡന്റ് എന്റിക് പെന നിയെറ്റോ അറിയിച്ചു.

ദുരിതാശ്വാസപ്രവര്‍ത്തനത്തിനായി സൈന്യം രംഗത്തിറങ്ങിയിട്ടുണ്ട്. രാത്രിമുഴുവന്‍ രക്ഷാപ്രവര്‍ത്തനമായിരുന്നുവെന്നും പ്രസിഡന്റ് അറിയിച്ചു. മെക്‌സിക്കോ സിറ്റിയിലെ വിമാനത്താവളം അടച്ചിട്ടെങ്കിലും വൈകുന്നേരത്തോടെ തുറന്നു.

സ്‌കൂളുകളെല്ലാം ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അടച്ചിട്ടു. മോറെലോസിലാണ് ഏറ്റവുമധികം മരണം ഉണ്ടായത്. 64 പേരാണ് ഇവിടെ മരിച്ചത്. 3.8 മില്യണ്‍ ഉപഭോക്താക്കള്‍ക്കു വൈദ്യുതി വിതരണം തടസ്സപ്പെട്ടു. ഭൂകമ്പത്തില്‍ തകര്‍ന്ന ആശുപത്രികളില്‍നിന്ന് രോഗികളെ ഒഴിപ്പിക്കുന്ന നടപടി തുടരുകയാണ്.

1985ല്‍ പതിനായിരത്തിലധികം പേര്‍ മരിക്കാനിടയായ ഭൂചലനത്തിന്റെ 32ാം വാര്‍ഷിക ദിനത്തിലാണ് മെക്‌സിക്കോയില്‍ വീണ്ടും ശക്തമായ ഭൂചലനമുണ്ടായിരിക്കുന്നത്. ഈ മാസം ആദ്യം മെക്‌സിക്കോയിലുണ്ടായ ഭൂചലനത്തില്‍ 90 പേര്‍ മരിച്ചിരുന്നു.