“കോടിയേരി ബാലകൃഷ്ണനും പി.ജയരാജനും ആര്‍എസ്എസ് ഭീഷണി”

single-img
20 September 2017

കണ്ണൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, ഇ.പി.ജയരാജന്‍ എം.എല്‍.എ., കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജന്‍ എന്നിവരുടെ ജീവന് ഭീഷണി നിലനില്‍ക്കുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മുസ്ലിംലീഗ്, എസ്ഡിപിഐ, ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള സംഘപരിവാര്‍ സംഘടനകളില്‍ നിന്നാണ് ഭീഷണി. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസിന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പിന് കൈമാറി.

മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയെക്കുറിച്ച് റിപ്പോര്‍ട്ടില്‍ പരാമര്‍ശമില്ല. ഇസഡ് കാറ്റഗറി സുരക്ഷയാണ് മുഖ്യമന്ത്രിക്കുള്ളത്. അതേസമയം പി.ജയരാജന് ഇപ്പോള്‍ നല്‍കിവരുന്ന വൈ പ്ലസ് സുരക്ഷ തുടരണമെന്നും റിപ്പോര്‍ട്ടില്‍ പ്രത്യേകം പരാമര്‍ശിച്ചിട്ടുണ്ട്.

കോടിയേരിക്കും ഇ.പി. ജയരാജനും ആര്‍.എസ്.എസിന്റേയും പോപ്പുലര്‍ ഫ്രണ്ടിന്റേയും ഭീഷണിയാണുള്ളത്. അതിനാല്‍ കോടിയേരിക്ക് ഇപ്പോഴുള്ള ഇസഡ് കാറ്റഗറി സുരക്ഷയും ജയരാജന് എക്‌സ് കാറ്റഗറി സുരക്ഷയും തുടരണമെന്ന് ആഭ്യന്തര വകുപ്പിന് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

ബി.ജെ.പി. നേതാക്കളായ എം.ടി. രമേശ്, സി.കെ. പദ്മനാഭന്‍, കെ. സുരേന്ദ്രന്‍ എന്നിവര്‍ക്ക് രാഷ്ട്രീയ എതിരാളികളില്‍ നിന്ന് ഭീഷണിയുണ്ട്. ഇവര്‍ക്ക് അനുവദിച്ചിട്ടുള്ള എക്‌സ് കാറ്റഗറി സുരക്ഷ തുടരണം. എം.ടി. രമേശിന് പോപ്പുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, പി.ഡി.പി തുടങ്ങിയ സംഘടനകളില്‍ നിന്നാണ് ഭീഷണിയുള്ളത്.

ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരനും ഒ. രാജഗോപാല്‍ എം.എല്‍.എ.യ്ക്കും സുരക്ഷാഭീഷണികള്‍ ഇല്ലെങ്കിലും എക്‌സ് കാറ്റഗറി സുരക്ഷ തുടരണമെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ എ.കെ. ആന്റണിക്ക് ഇസഡ് കാറ്റഗറി സുരക്ഷയാണ് നിലവില്‍ നല്‍കുന്നത്.

എന്നാല്‍ അദ്ദേഹത്തിന് ഭീഷണികള്‍ ഇല്ലെന്നും അദ്ദേഹത്തിന്റെ സുരക്ഷ വൈ കാറ്റഗറിയിലേക്ക് കേന്ദ്രസര്‍ക്കാര്‍ മാറ്റിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ കേന്ദ്രമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് ടി.പി. ചന്ദ്രശേഖരന്‍ വധക്കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ എതിരാളികളില്‍നിന്ന് ഭീഷണി നിലനില്‍ക്കുന്നു.

മുന്‍ കേന്ദ്രമന്ത്രിമാരായ കെ.വി. തോമസ്, വയലാര്‍ രവി എന്നിവര്‍ക്ക് ഭീഷണികളില്ലെങ്കിലും ഇപ്പോള്‍ നല്‍കിവരുന്ന എക്‌സ് കാറ്റഗറി സുരക്ഷ പിന്‍വലിക്കേണ്ടതില്ലെന്നും ഇന്റലിജന്‍സ് വ്യക്തമാക്കി. എം.എല്‍.എ.മാരായ ഐ.സി. ബാലകൃഷ്ണന്‍, സി.കെ. ശശീന്ദ്രന്‍ എന്നിവര്‍ക്ക് മാവോവാദികളുടെ ഭീഷണിയുണ്ട്.

എക്‌സ് കാറ്റഗറി സുരക്ഷയുള്ള രാഷ്ട്രീയനേതാക്കളായ കെ.ആര്‍. ഗൗരിയമ്മ, വി.എം. സുധീരന്‍, പി.പി. തങ്കച്ചന്‍, പി.ജെ. ജോസഫ്, ഇബ്രാഹിംകുഞ്ഞ്, കുട്ടി അഹമ്മദ്കുട്ടി, എം.കെ. മുനീര്‍, പി.കെ. അബ്ദുറബ്ബ് എന്നിവര്‍ക്ക് ഭീഷണിയില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനും ഭീഷണിനേരിടുന്ന നേതാക്കളുടെ സുരക്ഷാക്രമീകരണങ്ങള്‍ അവലോകനം ചെയ്യുന്നതിനും ഇന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റ ഉന്നതപോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ട്.