കേരളത്തില്‍ അടുത്തയാഴ്ച കനത്ത മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ വിഭാഗം

single-img
20 September 2017

സംസ്ഥാനത്ത് മഴയ്ക്ക് അല്‍പ്പം ശമനമുണ്ടായെങ്കിലും ആശ്വസിക്കാന്‍ വകയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അടുത്തയാഴ്ചയോടെ ന്യൂനമര്‍ദം വീണ്ടുമുണ്ടായാല്‍ 25 മുതല്‍ മഴ പെയ്യും. അങ്ങനെയാണെങ്കില്‍ ശക്തമായ മഴയ്ക്കാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പില്‍ പറയുന്നു.

കഴിഞ്ഞയാഴ്ച കേരളതീരത്തു രൂപംകൊണ്ട തരത്തിലുള്ള ന്യൂനമര്‍ദം അടുത്ത ആഴ്ചയിലുമുണ്ടാകാനുള്ള സാധ്യതയെത്തുടര്‍ന്നാണു മുന്നറിയിപ്പ്. ന്യൂനമര്‍ദം കേരളവും ഗോവയും പിന്നിട്ടു മഹാരാഷ്ട്രയിലേക്കു കടന്നിട്ടുണ്ട്.

അതേസമയം അടുത്ത രണ്ടുമൂന്നു ദിവസങ്ങളില്‍ മധ്യകേരളത്തില്‍ ഒന്നും തെക്കന്‍ ജില്ലകളില്‍ രണ്ടും വടക്കന്‍ ജില്ലകളില്‍ നാലും സെന്റി മീറ്റര്‍ മഴ പ്രതീക്ഷിക്കുന്നതായി കൊച്ചി സര്‍വകലാശാല റഡാര്‍ കേന്ദ്രം അറിയിച്ചു.

വയനാട് വൈത്തിരിയിലാണ് ഇന്നലെ ഏറ്റവും കൂടുതല്‍ മഴ പെയ്തത്,–10 സെന്റിമീറ്റര്‍. ഹൊസ്ദുര്‍ഗ് ഏഴ്, കുഡ്‌ലു, മാനന്തവാടി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ ആറു സെന്റിമീറ്റര്‍വീതം മഴ പെയ്തു. കോഴിക്കോട്, വടകര എന്നിവിടങ്ങളില്‍ അഞ്ചു സെന്റിമീറ്റര്‍ മഴയാണ് ഇന്നലെ പെയ്തത്.