ജയരാജന് ആശ്വാസം: ബന്ധുനിയമനക്കേസ് നിലനില്‍ക്കില്ല: അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു

single-img
20 September 2017

ബന്ധുനിയമനക്കേസില്‍ മുന്‍മന്ത്രി ഇപി ജയരാജനെതിരായ അന്വേഷണം വിജിലന്‍സ് അവസാനിപ്പിക്കുന്നു. കേസ് നിലനില്‍ക്കില്ലെന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. കേസില്‍ തെളിവില്ലാത്തതിനാല്‍ അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനില്‍ക്കില്ലെന്നും അതിനാല്‍ അന്വേഷണം അവസാനിപ്പിക്കാമെന്നും വിജിലന്‍സ് ലീഗല്‍ അഡൈ്വസര്‍ സി.സി. അഗസ്റ്റിന്‍ നിയമോപദേശം നല്‍കി.

നിയമനം ലഭിച്ചിട്ടും പി.കെ.ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ സ്ഥാനമേറ്റെടുത്തില്ല. പ്രതികളാരും സാമ്പത്തിക നേട്ടമുണ്ടാക്കിയില്ല. ഉത്തരവിറങ്ങി മൂന്നാം ദിവസംതന്നെ മന്ത്രി പിന്‍വലിച്ചെന്നുമാണു വിജിലന്‍സ് പറയുന്ന കാരണങ്ങള്‍. വിജിലന്‍സ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനൊപ്പം ഹൈക്കോടതിയെയും തീരുമാനം അറിയിക്കും.

സ്വജനപക്ഷപാതം, അഴിമതിനിരോധന നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് കണ്ടെത്തിയായിരുന്നു ബന്ധുനിയമനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ നിയമനവുമായി ബന്ധപ്പെട്ട് ആര്‍ക്കും സാമ്പത്തിക ലാഭം ഉണ്ടായിട്ടില്ലെന്നും അതിനാല്‍ കേസ് അഴിമതി നിരോധന നിയമത്തിന്റെ കീഴില്‍ വരില്ലെന്നും വിജിലന്‍സ് നേരത്തെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ജയരാജനെതിരായ കേസ് നിലനില്‍ക്കില്ലെന്ന് വിജിലന്‍സ് നേരത്തെ ഹൈക്കോടതിയെയും അറിയിച്ചിരുന്നു.

ജയരാജന്റെ ഭാര്യാസഹോദരിയും കേന്ദ്രകമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ വ്യവസായവകുപ്പിനു കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ എംഡിയായും ജയരാജന്റെ സഹോദരപുത്രന്റെ ഭാര്യ ദീപ്തി നിഷാദിനെ പൊതുമേഖലാ സ്ഥാപനമായ കേരള ക്ലേയ്‌സ് ആന്‍ഡ് സിറാമിക്‌സ് പ്രോഡക്ട്‌സിന്റെ ജനറല്‍ മാനേജരായും നിയമിച്ചതടക്കം ബന്ധുനിയമന പരമ്പരകളാണു വിവാദങ്ങള്‍ക്കു തുടക്കമിട്ടത്. ഇതേത്തുടര്‍ന്ന് ജയരാജന്‍ വ്യവസായ മന്ത്രിപദവി രാജിവച്ചിരുന്നു.