ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി: ‘വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണം’

single-img
20 September 2017

ഇന്ധനവില വര്‍ധനയെ ന്യായീകരിച്ച് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയും രംഗത്ത്. വികസന പദ്ധതികള്‍ നടപ്പാക്കാന്‍ പണം വേണം. നികുതി വരുമാനമാണ് ആ പണം കണ്ടെത്താനുള്ള പ്രധാന മാര്‍ഗം. വിമര്‍ശനം ഉന്നയിക്കുന്ന കോണ്‍ഗ്രസും ഇടതുപക്ഷവും ഭരിക്കുന്ന സംസ്ഥാനങ്ങളും നികുതി വരുമാനം കുറയ്ക്കാന്‍ തയാറല്ല.

അവര്‍ക്കും നികുതി വരുമാനം ആവശ്യമാണ്. യുഎസില്‍ വീശിയടിച്ച ഇര്‍മ കൊടുങ്കാറ്റും ഇവിടെ ഇന്ധനവില വര്‍ധിക്കാന്‍ കാരണമായെന്നു ജയ്റ്റ്‌ലി പറഞ്ഞു.

സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചാല്‍ ഇന്ധനം ജിഎസ്ടിയുടെ കീഴില്‍ കൊണ്ടുവരുന്നതു പരിഗണിക്കാമെന്ന് കേന്ദ്രം നേരത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍, പ്രധാന വരുമാനമാര്‍ഗമായ ഇന്ധനവിലയെ ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാരുകള്‍ തയാറല്ല.

പെട്രോളിയം ഉല്‍പന്നങ്ങളുടെ വിലവര്‍ധനയിലൂടെ കേന്ദ്ര സര്‍ക്കാരിനു കിട്ടിയത് 6.2 ലക്ഷം കോടി രൂപയുടെ ലാഭമാണ്. മന്‍മോഹന്‍ സിങ് അധികാരമൊഴിഞ്ഞ 2014 ല്‍ ക്രൂഡോയില്‍ ഇറക്കുമതിക്കു ചെലവ് 8.65 ലക്ഷം കോടി രൂപയായിരുന്നത്, നരേന്ദ്രമോദി അധികാരമേറ്റു മൂന്നു വര്‍ഷം കഴിയുമ്പോള്‍ 2.52 ലക്ഷം കോടിയായി കുറഞ്ഞിട്ടുണ്ട്.

ഇന്ധനവില വര്‍ധനവ് വഴി ലഭിക്കുന്ന ലാഭം കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ പാവങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് ഉപയോഗിക്കുന്നതെന്ന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം പറഞ്ഞിരുന്നു. വാഹനമുള്ളവര്‍ പട്ടിണി കിടക്കുന്നവരാണോ എന്നും പണക്കാരില്‍ നിന്നും പണം പിരിച്ച് പാവങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനാണ് നരേന്ദ്ര മോദി ശ്രമിക്കുന്നതെന്നും അല്‍ഫോന്‍സ് പറഞ്ഞിരുന്നു.

കേന്ദ്രമന്ത്രിമാരുടെ പ്രസ്താവനകള്‍ക്കെതിരെ കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വലിയ പ്രതിഷേധമാണ് നടക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധ കുറിപ്പുകളും ട്രോളുകളും പോസ്റ്റ് ചെയ്തും പ്രതിഷേധം അരങ്ങേറുന്നുണ്ട്.