‘മലയാളം കേട്ടെഴുത്തിടാന്‍ ഉടന്‍ വരും’; ഏഴാം ക്ലാസുകാരന്റെ കത്തിന് മന്ത്രി ഐസക്കിന്റെ ഉറപ്പ്

single-img
20 September 2017

മലയാളം പഠിച്ചെന്നും കേട്ടെഴുത്തിടാന്‍ സ്‌കൂളില്‍ വരുമോ എന്നും മന്ത്രി തോമസ് ഐസക്കിനോട് ആവശ്യപ്പെട്ടു കൊണ്ടുള്ള ശ്രീഹരി എന്ന എട്ടാം ക്ലാസ്സുകാരന്റെ കത്ത് വൈറലാകുന്നു. തോമസ് ഐസക്ക് തന്നെയാണ് തനിക്ക് ലഭിച്ച കത്ത് ഫെയ്‌സ്ബുക്ക് പേജില്‍ പങ്കുവെച്ചത്.

മഹാരാജ വിലാസം ഗവ. യുപി സ്‌കൂളിലെ എട്ടാം ക്ലാസ്സ് വിദ്യാര്‍ഥിയാണ് കത്തെഴുതിയ ശ്രീഹരി. ഈ വര്‍ഷമാണ് താന്‍ അണ്‍ എയ്ഡഡ് സ്‌കൂളില്‍ നിന്നും സര്‍ക്കാര്‍ സ്‌കൂളിലേക്ക് വരുന്നതെന്നും കെട്ടിടോദ്ഘാടന സമയത്ത് മന്ത്രി പറഞ്ഞതനുസരിച്ചാണ് താന്‍ മലയാളം വായിക്കാനും എഴുതാനും പഠിച്ചത് എന്നും കുട്ടി കത്തില്‍ എഴുതുന്നു.

‘മലയാളം പഠിച്ച ഞങ്ങള്‍ കുട്ടികള്‍ക്ക് കേട്ടെഴുത്തിടാന്‍ സര്‍ എന്നു വരും’ എന്ന് ചോദിച്ചു കൊണ്ടാണ് കത്ത് അവസാനിക്കുന്നത്. കത്ത് ലഭിച്ചുവെന്നും സന്തോഷമുണ്ടെന്നും മറുപടിയെന്നോണം മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

അന്ന് ശ്രീഹരിക്കൊപ്പമുണ്ടായിരുന്ന മറ്റ് വിദ്യാര്‍ത്ഥികളും മലയാളം എഴുതാനും വായിക്കാനും പഠിച്ചിട്ടുണ്ടാകുമല്ലോ എന്നും മന്ത്രി ചോദിച്ചു. കയര്‍ കേരളയുടെ തിരക്കുകള്‍ കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്‌കൂളിലെത്തുമെന്നും മന്ത്രി പറഞ്ഞു.
തോമസ് ഐസക്ക് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.