ദിലീപിന്റെ എല്ലാ പ്രതീക്ഷകളും തകരുന്നു: സ്വാഭാവികജാമ്യം കിട്ടില്ലെന്നുറപ്പായി: അടുത്ത മാസം ഏഴിന് മുന്‍പായി കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കുറേക്കാലം തടവറയില്‍ കഴിയേണ്ടി വരും

single-img
20 September 2017

നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് അടുത്ത മാസം ഏഴിന് മുന്‍പായി കുറ്റപത്രം സമര്‍പ്പിക്കും. അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിലാണ് പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കുക. കുറ്റപത്രം സമര്‍പ്പിച്ചാലും അന്വേഷണം തുടരാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

ഇക്കാര്യം കുറ്റപത്രത്തില്‍ പ്രത്യേകം വ്യക്തമാക്കും. കൃത്യത്തിന് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കിട്ടാത്ത സാഹചര്യത്തിലാണ് തുടരന്വേഷണം ഉണ്ടാകുന്നത്. പിന്നീട് വിചാരണ നടക്കുന്ന മുറയ്ക്ക് അനുബന്ധ കുറ്റപത്രം കൂടി സമര്‍പ്പിക്കാനാണ് അന്വേഷണ സംഘം ആലോചിക്കുന്നത്.

ഗൂഢാലോചന, കൂട്ടബലാല്‍സംഗം തുടങ്ങി ജീവപര്യന്തം തടവു ശിക്ഷക്കുള്ള കുറ്റങ്ങളാണ് ചുമത്തുന്നത്. അറസ്റ്റിലായ അഭിഭാഷകരും കുറ്റപത്രത്തിലുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജൂലൈ പത്തിന് അറസ്റ്റ് ചെയ്യപ്പെട്ട ദിലീപിന് തൊണ്ണൂറ് ദിവസം കഴിഞ്ഞാല്‍ സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ടെന്ന കാര്യം മുന്‍കൂട്ടി കണ്ടാണ് പോലീസ് ഏഴിന് മുന്‍പായി കുറ്റപത്രം സമര്‍പ്പിക്കുന്നത്.

ദിലീപ് തുടര്‍ച്ചയായി ജാമ്യാപേക്ഷ നല്‍കുകയും, നടന്‍ പുറത്തു വന്നാല്‍ അത് കേസന്വേഷണത്തെ ഗുരുതരമായി ബാധിക്കുകയും ചെയ്യും എന്നതിനാല്‍ എത്രയും പെട്ടെന്ന് കുറ്റപത്രം തയ്യാറാക്കി സമര്‍പ്പിക്കണമെന്നാണ് പോലീസ് തലപ്പത്ത് നിന്നുള്ള നിര്‍ദേശം എന്നാണ് അറിയുന്നത്.

നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് കരുതുന്ന ഫോണ്‍ ലഭിക്കാത്തതിനാല്‍ നിര്‍ണായക തൊണ്ടിമുതല്‍ ഒഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കത്തിലാണ് പോലീസ്. ഇത് സംബന്ധിച്ച് പൊലീസ് നിയമോപദേശം തേടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി, ഫോണ്‍ കൈമാറിയതായി പറയുന്ന പ്രതി അഡ്വ. പ്രതീഷ് ചാക്കോ, ഫോണ്‍ നശിപ്പിച്ചതായി മൊഴി നല്‍കിയ അഡ്വ. രാജു ജോസഫ്, നടിയെ ഉപദ്രവിക്കാന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന ആരോപണം നേരിടുന്ന നടന്‍ ദിലീപ് ഫോണ്‍ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട് അറിവുള്ളതായി പൊലീസ് സംശയിക്കുന്ന ദിലീപിന്റെ ഭാര്യ കാവ്യാ മാധവന്‍, അടുത്ത സുഹൃത്തും സംവിധായകനുമായ നാദിര്‍ഷാ എന്നിവരെയെല്ലാം വിശദമായി ചോദ്യം ചെയ്തിട്ടും ഫോണ്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിന് സാധിച്ചിരുന്നില്ല.

ഫോണ്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ കേസ് ദുര്‍ബലമാവുമെന്ന ചിന്തയിലാണു പ്രതികള്‍ സംഘടിതമായി തൊണ്ടി മുതല്‍ ഒളിപ്പിച്ചതെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. എന്നാല്‍ പ്രധാന തൊണ്ടിമുതല്‍ ഇല്ലാത്തതിനാല്‍ കേസിലെ സാക്ഷി മൊഴികളും അനുബന്ധ തെളിവുകളും മുഖ്യപ്രതികളുടെ കുറ്റസമ്മത മൊഴികളും ശാസ്ത്രീയമായി കൂട്ടിയിണക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസിന്റെ നീക്കം. തൊണ്ടിമുതല്‍ ഇല്ലാതെ കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ഇവ ലഭിച്ച കഴിയുമ്പോള്‍ കുറ്റപത്രം പുതുക്കി അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനുള്ള വകുപ്പുണ്ട്.

കഴിഞ്ഞ ദിവസം ദിലീപ് മൂന്നാം ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജയിലില്‍ കുറച്ചു ദിവസം കിടന്നു എന്നതുകൊണ്ടു സാഹചര്യം മാറിയെന്നു കണക്കാക്കാനാകില്ലെന്നു കോടതി വ്യക്തമാക്കി. നേരത്തെ ജാമ്യം പരിഗണിച്ചപ്പോഴുള്ള സാഹചര്യം മാറിയെന്നു വ്യക്തമായി ബോധ്യപ്പെടണമെന്നും എങ്കില്‍ മാത്രമേ വീണ്ടും പരിഗണിക്കാനാകൂവെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രതിഭാഗത്തിന്റെ അപേക്ഷയെത്തുടര്‍ന്നു ഹര്‍ജി 26 നു പരിഗണിക്കാന്‍ കോടതി തീരുമാനിച്ചു. ജയിലില്‍ രണ്ടുമാസം പിന്നിട്ടു, അന്വേഷണം അവസാനഘട്ടത്തില്‍ എത്തി തുടങ്ങിയ കാര്യങ്ങള്‍ പ്രതിഭാഗം ചൂണ്ടിക്കാട്ടി. എന്നാല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും കഴിഞ്ഞ രണ്ടു തവണയും ജാമ്യം തള്ളുമ്പോള്‍ ഇക്കാര്യം പറഞ്ഞതാണെന്നും കോടതി ഓര്‍മിപ്പിച്ചു.

കേസുമായി ബന്ധപ്പെട്ടു കാവ്യാ മാധവന്റെയും നാദിര്‍ഷായുടെയും മുന്‍കൂര്‍ ജാമ്യഹര്‍ജികള്‍ മറ്റൊരു ബെഞ്ചിലുണ്ടെന്നും അവ 25 നു പരിഗണിക്കുന്നുണ്ടെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. അതിലെ തീര്‍പ്പ് പ്രധാനമാണെന്നു കോടതി പറഞ്ഞു. ആ ഹര്‍ജികളില്‍ തീരുമാനമുണ്ടായശേഷം 26 നു ദിലീപിന്റെ ജാമ്യഹര്‍ജി പരിഗണിക്കാമെന്നു ഹൈക്കോടതി തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ തവണത്തെ വാദങ്ങള്‍ തന്നെയാണ് ഇത്തവണയും ദിലീപിന്റെ അഭിഭാഷകന്‍ ബി. രാമന്‍പിള്ള മുന്നോട്ടുവച്ചത്. മഞ്ജു വാര്യര്‍ക്ക് എ.ഡി.ജി.പി: ബി. സന്ധ്യയുമായുള്ള ബന്ധം, ശ്രീകുമാര്‍ മേനോനു ദിലീപിനോടുള്ള ശത്രുത തുടങ്ങിയവയാണു മുഖ്യ ആരോപണങ്ങള്‍.