ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ഡാമിന്റെ കനാല്‍ തകര്‍ന്നു: നാട് വെള്ളത്തിലായി

single-img
20 September 2017

കോടികള്‍ ചിലവഴിച്ച് നിര്‍മ്മിച്ച ഡാം ഉദ്ഘാടനത്തിന് മണിക്കൂറുകള്‍ അവശേഷിക്കവേ തകര്‍ന്നു. ഉല്‍ഘാടനത്തിന് ഒരു ദിവസം മുന്‍പ് നടന്ന പരിശീലന പ്രവര്‍ത്തനത്തിലാണ് ഡാമിന്റെ ഭിത്തി തകര്‍ന്നത്. 389.31 കോടി മുതല്‍ മുടക്ക് വരുന്ന ഗതേശ്വര്‍ പാന്ധ് കനാല്‍ പ്രോജക്ടിന്റെ ഭാഗമായി നിര്‍മ്മിച്ച ഡാമിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്.

ഡാമിലെ പമ്പ് സ്വിച്ച് ഓണ്‍ ചെയ്ത ഉടനെയായിരുന്നു സംഭവം. ഗംഗയില്‍ നിന്നുള്ള ജലം ശക്തമായി ഒഴുകിയതോടെ സമ്മര്‍ദ്ദം താങ്ങാനാകാതെ ഭിത്തി തകരുകയായിരുന്നു. സമീപപ്രദേശമായ കഹല്‍ഗാവൂണിലേയ്ക്കും എന്‍ ടി പി സി ടൗണ്‍ ഷിപ്പിലേയ്ക്കുമാണ് ഈ വെള്ളം ഒഴുകിയെത്തിയത്.

ഡാം തകര്‍ന്നതോടെ താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം തന്നെ വെള്ളത്തിനടിയിലായി. തകര്‍ച്ചയെത്തുടര്‍ന്ന് ഒരു പ്രളയത്തിന്റെ പ്രതീതിയാണ് സംസ്ഥാനത്തുണ്ടായിരിക്കുന്നത്. . ഇതേത്തുടര്‍ന്ന് ഉദ്ഘാടനപരിപാടി റദ്ദാക്കിയതായി അധികൃതര്‍ അറിയിച്ചു.

അണക്കെട്ടിന്റെ ഉദ്ഘാടനം രാഷ്ട്രീയനേട്ടമാക്കി മാറ്റാനുളള ശ്രമത്തിലായിരുന്നു ബീഹാര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഡാം ഉദ്ഘാടനം ചെയ്യുന്നതിനെക്കുറിച്ച് എല്ലാ പത്രങ്ങളിലും ഇന്ന് പരസ്യം പ്രത്യക്ഷപ്പെട്ടിരുന്നു. ഡാംസൈറ്റില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ വരെ ഒഴുകിയെത്തിയ വെള്ളം എങ്ങനെ വഴിതിരിച്ചു വിടാമെന്ന് പരിശോധിക്കാന്‍ സംസ്ഥാന ജലവിഭവ സെക്രട്ടറി സ്ഥലത്ത് പരിശോധന നടത്തി.

ബിഹാറും ജാര്‍ഖണ്ഡും സംയുക്തമായിട്ടാണ് അണകെട്ടി ജലസേചനത്തിനുള്ള പദ്ധതി നടപ്പാക്കിയത്. 1977 ല്‍ ആസൂത്രണ കമ്മീഷന്‍ തത്വത്തില്‍ അംഗീകരിച്ച പദ്ധതിക്ക് അന്ന് ചിലവ് പ്രതീക്ഷിച്ചത് 13.88 കോടി രൂപയായിരുന്നു. എന്നാല്‍ സാങ്കേതിക അനുമതി ലഭിച്ചത് 2008 ലാണ്.