‘തിളപ്പിച്ചാറിയ വെളളം മാത്രമെ കുടിക്കാവൂ’: മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച പനി, വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്ക് സാധ്യത

single-img
19 September 2017

ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ പകര്‍ച്ച പനി, വയറിളക്കം, ഛര്‍ദ്ദി എന്നിവയ്ക്ക് സാധ്യതയെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. രണ്ട് ദിവസം മഴ പെയ്തതോടെ പകര്‍ച്ച പനിക്ക് ചികിത്സതേടിയെത്തിയവരുടെ എണ്ണത്തില്‍ വലിയ വര്‍ധനവ് ഉണ്ടായിട്ടുണ്ട്.

ഓടകളിലെ വെള്ളം റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളത്തില്‍ കലരുന്നത് എലിപ്പനി പടര്‍ന്ന് പിടിക്കുന്നതിന് കാരണമാകും. ശക്തമായ മഴയില്‍ കുടിവെള്ള സ്രോതസ്സുകളില്‍ മലിന ജലം എത്താനിടയുണ്ട്. ഇത് മൂലം ജലജന്യ രോഗങ്ങള്‍ വര്‍ദ്ധിക്കാനിടയുണ്ടെന്നും ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പിൽ പറയുന്നു.

ശക്തമായ മഴ പെയുന്ന സമയങ്ങളില്‍ തിളപ്പിച്ചാറിയവെളളം മാത്രമെ കുടിക്കാവൂവെന്നും ആരോഗ്യവകുപ്പ് നിര്‍ദേശിക്കുന്നു. ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ വീടുകളില്‍ എത്തി ബോധവത്കരണം നടത്തുന്നുണ്ട്.