സൗജന്യമായി കിട്ടുന്ന സാരിക്കായി സ്ത്രീകളുടെ അടിപിടി: ഒടുവില്‍ കൂട്ടത്തല്ലും സാരികീറലും; ഇടപെടാനാകാതെ പോലീസുകാരും

single-img
19 September 2017

തെലങ്കാന: തെലങ്കാന സര്‍ക്കാര്‍ സംഘടിപ്പിച്ച സൗജന്യ സാരിവിതരണം അവസാനിച്ചത് സ്ത്രീകളുടെ കൂട്ടത്തല്ലില്‍. സംസ്ഥാനത്തെ ദൂസെര ആഘോഷവുമായി ബന്ധപ്പെട്ടാണ് സര്‍ക്കാര്‍ പാവപ്പെട്ട സ്ത്രീകള്‍ക്ക് വേണ്ടി സാരി വിതരണം സംഘടിപ്പിച്ചത്.

എന്നാല്‍ ഈ പരിപാടിയില്‍ പങ്കെടുത്ത സ്ത്രീകള്‍ തങ്ങള്‍ക്ക് സാരികിട്ടാത്തതില്‍ പ്രതിഷേധിച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. വിതരണം ചെയ്ത സാരികള്‍ക്ക് ഗുണമേന്മയില്ലെന്ന് ആരോപിച്ച് ഒരു വിഭാഗം സ്ത്രീകള്‍ സര്‍ക്കാരിനെതിരെയും പ്രതിഷേധമുയര്‍ത്തി.

ഭരണകക്ഷിയായ തെലങ്കാന രാഷ്ട്ര സമിതി(ടി.ആര്‍.എസ്) പ്രവര്‍ത്തകര്‍ സാരി വിതരണം തുടങ്ങിയപ്പോള്‍ തന്നെ ചിലയിടങ്ങളില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ഹൈദരാബാദിലെ സായിബാദില്‍ നടന്ന പരിപാടിക്കിടെ നീണ്ട ക്യൂവില്‍ നിന്ന സ്ത്രീകള്‍ പരസ്പരം പോരടിക്കാനും മുടിയില്‍ പിടിച്ച് വലിക്കാനും തുടങ്ങി.

സമീപത്തുണ്ടായിരുന്ന പൊലീസുകാര്‍ തടയാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇതിന്റെ വീഡിയോയും ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. എന്നാല്‍ പ്രതിപക്ഷ പാര്‍ട്ടികളാണ് പരിപാടി അലങ്കോലമാക്കിയതെന്ന് ടി.ആര്‍.എസ് പ്രവര്‍ത്തകരുടെ ആരോപണം.

ദൂസെര ആഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന ഒമ്പത് ദിവസം നീണ്ട് നില്‍ക്കുന്ന ബത്തുക്കമ്മ ഫെസ്റ്റിവലിന് സാരി ധരിച്ച സ്ത്രീകള്‍ പൂക്കളത്തിന് ചുറ്റും നൃത്തം ചെയ്യുന്നത് ഇവിടുത്തെ ആചാരമാണ്. ഇതിനായി ഇവിടുത്തെ 500 നിര്‍ധന സ്ത്രീകള്‍ക്കാണ് സാരി വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

ഇതിനായി പകുതിയോളം സാരികള്‍ ഗുജറാത്തില്‍ നിന്നും ബാക്കിയുള്ളവ തെലങ്കാനയിലെ തുണിമില്ലുകളില്‍ നിന്നും കൊണ്ട് വന്നു. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ അമ്മ സാരി മാതൃകയില്‍ വിതരണം ചെയ്യാനിരുന്ന പദ്ധതി തുടക്കത്തില്‍ തന്നെ പൊളിഞ്ഞു. ഇതിനായി മാത്രം 200 കോടിയാണ് സംസ്ഥാന സര്‍ക്കാര്‍ മാറ്റിവച്ചിരിക്കുന്നത്.