റോഹിങ്ക്യന്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചി

single-img
19 September 2017

റോഹിങ്ക്യന്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന് മ്യാന്‍മര്‍ നേതാവ് ഓങ് സാന്‍ സൂ ചി. റോഹിങ്ക്യന്‍ മുസ്‌ലിംകളുടെ ബംഗ്ലാദേശിലേക്കുള്ള പലായനത്തില്‍ ദുഃഖമുണ്ട്. പലായനത്തിന്റെ കാരണമെന്തെന്ന് അറിയാന്‍ അഭയാര്‍ഥികളുമായി സംസാരിക്കും.

റാഖെയ്‌നില്‍ സമാധാനം പുനസ്ഥാപിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും സൂ ചി പറഞ്ഞു. എന്നാല്‍ റോഹിങ്ക്യകളുടെ തിരിച്ചു വരവ് സംബന്ധിച്ച് ഒരു ഉറപ്പും അവര്‍ നല്‍കിയില്ല. റോഹിങ്ക്യകള്‍ക്കുനേരെ അക്രമം രൂക്ഷമായതിനും കൂട്ടപ്പലായനത്തിനും ശേഷം ഇതാദ്യമായി രാജ്യത്തെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.

’18 മാസം പോലുമായിട്ടില്ല മ്യാന്‍മറില്‍ പുതിയ ഭരണമെത്തിയിട്ട്. 70 വര്‍ഷം നീണ്ട ആഭ്യന്തര കലാപത്തിനൊടുവില്‍ സമാധാനവും സുസ്ഥിരതയും രാജ്യത്തേക്കു കൊണ്ടുവരേണ്ടതുണ്ട്. വടക്കന്‍ റാഖൈനില്‍ റോഹിങ്ക്യ മുസ്‌ലിംകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ക്കു പരിഹാരം കണ്ടെത്താന്‍ പ്രതിജ്ഞാബദ്ധരാണ്.

അവര്‍ക്കുണ്ടായ കഷ്ടനഷ്ടങ്ങളില്‍ അതീവ ദുഃഖമുണ്ട്. റോഹിങ്ക്യവിഭാഗങ്ങളില്‍ ഒത്തൊരുമ കൊണ്ടുവരാനുമുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ തുടരുമെന്നും സൂ ചി വ്യക്തമാക്കി. വളരെ സങ്കീര്‍ണമായ രാജ്യമാണു മ്യാന്‍മര്‍. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ എല്ലാ പ്രശ്‌നങ്ങളെയും മറികടക്കണമെന്നാണു ജനം ആഗ്രഹിക്കുന്നത്.

പക്ഷേ, ഇതു പറഞ്ഞ് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കുന്നില്ല. ആരോപണങ്ങളും പ്രത്യാരോപണങ്ങളുമുണ്ട്. ഇവ രണ്ടും കേള്‍ക്കണം. അന്തിമ തീരുമാനമെടുക്കും മുന്‍പ് ആരോപണങ്ങളെല്ലാം കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണോയെന്നും പരിശോധിക്കണമെന്നും സൂ ചി പറഞ്ഞു.