അര്‍ബുദ രോഗിക്ക് ചികിത്സയിലിരിക്കെ എച്ച്‌ഐവി ബാധ: ആര്‍സിസിയുടെ പിഴവല്ലെന്ന് റിപ്പോര്‍ട്ട്

single-img
19 September 2017


തിരുവനന്തപുരം: ചികിത്സയ്ക്കിടെ രക്തം സ്വീകരിച്ച ആലപ്പുഴ സ്വദേശിനിയായ ഒന്‍പതു വയസ്സുകാരിക്ക് എച്ച്‌ഐവി ബാധിച്ചതില്‍ ആര്‍സിസിയ്ക്ക് പിഴവില്ലെന്ന് ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട്. കൃത്യമായ പരിശോധനകള്‍ക്ക് ശേഷമാണ് ആര്‍സിസിയില്‍ രക്തം സ്വീകരിക്കുന്നത്.

എച്ച്‌ഐവി രോഗ ബാധയുണ്ടായാല്‍ നാലുമുതല്‍ പന്ത്രണ്ടു വരെയുളള ആഴ്ചകളില്‍ രോഗി രക്തദാനം നടത്തിയാല്‍ കണ്ടുപിടിക്കാന്‍ മാര്‍ഗമില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടികാട്ടിയിരുന്നു. മാനദണ്ഡങ്ങള്‍ പാലിച്ചാണ് കുട്ടിക്ക് രക്തം നല്‍കിയത്. അത്യാധുനിക ഉപകരണങ്ങളുടെ കുറവുണ്ട്. രക്ത പരിശോധനക്ക് അടക്കം നൂതന സംവിധാനങ്ങളില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ആര്‍.സി.സിയിലെ പരിശോധനാ സംവിധാനങ്ങളുടെ അപര്യാപ്തതകളാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്ന നിഗമനത്തിലേക്കാണ് സമിതി എത്തുന്നത്. കുട്ടിയ്ക്ക് വീണ്ടും രക്ത പരിശോധന നടത്തണോ എന്നതിലടക്കം സമിതി തീരുമാനമെടുക്കും.

രക്തദാനം നടത്തിയവരെ തിരിച്ചറിഞ്ഞ് അവരുടെ രക്തസാമ്പിള്‍ പുനഃപരിശോധിക്കാനുള്ള നടപടികള്‍ പോലീസും തുടങ്ങിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് രക്തം നല്‍കിയ 49പേരെ കണ്ടെത്താന്‍ ആര്‍സിസി അന്വേഷണം ആരംഭിച്ചു. രക്തം നല്‍കിയവരുടെ പട്ടിക രക്ത ബാങ്കിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ മാനേജ്‌മെന്റിന് കൈമാറി. അതേസമയം ദാതാക്കളുടെ വിലാസം ഉള്‍പ്പെടെ ലഭ്യമാണെങ്കിലും പരിശോധനയ്ക്കായി വിളിച്ചാല്‍ അവര്‍ വരണമെന്നില്ലെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

കീമോ തെറാപ്പി രക്താര്‍ബുദ ബാധിതയായ പെണ്‍കുട്ടിയെ കഴിഞ്ഞ മാര്‍ച്ചിലാണ് ചികിത്സയ്ക്ക് കൊണ്ടുവന്നത്. ചികില്‍സയുടെ മുന്നോടിയായി എച്ച്‌ഐവി ഉള്‍പ്പെടെയുള്ള പരിശോധന നടത്തിയിരുന്നു. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നാലുതവണ കീമോ തെറാപ്പി നടത്തുകയും പലതവണ രക്തം സ്വീകരിക്കുകയും ചെയ്തു. അടുത്ത കീമോ തെറാപ്പിക്കു മുന്നോടിയായി നടത്തിയ രക്തപരിശോധനയിലാണ് എച്ച്‌ഐവി കണ്ടെത്തിയത്.