പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ പ്രതിസന്ധി: സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും പടങ്ങള്‍ക്ക് മാത്രം ‘സാറ്റലൈറ്റ്’ കിട്ടുന്നു; മറ്റ് നിര്‍മാതാക്കള്‍ പെരുവഴിയില്‍: ഏഷ്യാനെറ്റിന്റെയും ഒത്താശ

single-img
19 September 2017

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ കടുത്ത പ്രതിസന്ധിയെന്ന് റിപ്പോര്‍ട്ടുകള്‍. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സുരേഷ് കുമാറിന്റെയും സെക്രട്ടറി രഞ്ജിത്തിന്റെയും നിലപാടുകള്‍ക്ക് എതിരെ ഒരു വിഭാഗം നിര്‍മാതാക്കള്‍ രംഗത്ത് എത്തി.

സുരേഷ് കുമാറിന്റെയും, രഞ്ജിത്തിന്റെയും പടങ്ങള്‍ക്ക് മാത്രം സാറ്റലൈറ്റ് റൈറ്റ് കിട്ടുന്നതാണ് മറ്റ് നിര്‍മാതാക്കളെ ചൊടിപ്പിച്ചിരിക്കുന്നത്. ഏറ്റവും ഒടുവിലായി ഒരാര്‍ട്ടിസ്റ്റും ഇല്ലാത്ത നാലു ദിവസം തികച്ചോടാത്ത ‘മാച്ചു ബോക്‌സ്’ എന്ന സുരേഷ് കുമാര്‍ നിര്‍മ്മിച്ച സിനിമയുടെ സാറ്റലൈറ്റ് ഏഷ്യാനെറ്റ് ഏറ്റെടുത്തതോടെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പൊട്ടിത്തെറിയുടെ വക്കില്‍ എത്തിയിരിക്കുകയാണ്.

വിധു വിന്‍സന്റിന്റെ ‘മാന്‍ഹോള്‍’, ഡോ. ബിജു സംവിധാനം ചെയ്ത കാടുപൂക്കുന്ന നേരം എന്നീ ചിത്രങ്ങള്‍ക്കുപോലും സാറ്റലൈറ്റ് നല്‍കാതെയാണ് സുരേഷ് കുമാറിന്റെയും രഞ്ജിത്തിന്റെയും നിലപാടുകള്‍ക്ക് ഏഷ്യാനെറ്റും കൂട്ടുനില്‍ക്കുന്നത്.

അമ്പതു ദിവസം ഓടിയ ചിത്രങ്ങളും ആര്‍ട്ടിസ്റ്റുള്ള ചിത്രങ്ങളും ദേശീയ അവാര്‍ഡു നേടിയ ചിത്രങ്ങളും എടുക്കാത്ത ഏഷ്യാനെറ്റ് സുരേഷ് കുമാറിന്റെ ഒന്നിനും കൊള്ളാത്ത ഒരു പടം എടുത്തെങ്കില്‍ അത് ഈ സിനിമാ ഇന്‍ഡസ്ട്രിയെ മുഴുവന്‍ പ്രസിഡന്റ് പദവി ഉപയോഗിച്ചുകൊണ്ട് സുരേഷ്‌കുമാറും അദ്ദേഹത്തിനു കൂട്ടുനിന്ന ഏഷ്യാനെറ്റും ചേര്‍ന്ന് പരിഹസിക്കുകയാണെന്നും ഇത്തരം അധാര്‍മ്മികത ചോദ്യം ചെയ്യേണ്ടതാണെന്നും നിര്‍മ്മാതാവ് കണ്ണന്‍ പെരുമുടിയുര്‍ പറഞ്ഞു.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനില്‍ തെരഞ്ഞെടുപ്പ് നടക്കേണ്ടസമയം അവസാനിച്ചിട്ട് രണ്ട് വര്‍ഷത്തിലധികമായി. ഇപ്പോഴും പഴയ അധികാരം ഉപയോഗിച്ചാണ് സുരേഷ് കുമാറിന്റെയും, രഞ്ജിത്തിന്റെയും ഭരണം. ഇതിനു പുറമെ സെന്‍സര്‍ ബോര്‍ഡ് മെമ്പറായി സുരേഷ് കുമാറിന് വേണ്ടപ്പെട്ടവരുടെ ലിസ്റ്റാണ് അയച്ചുകൊടുത്തതെന്ന ആരോപണവുമുണ്ട്.

സുരേഷ് കുമാര്‍ നിര്‍മിച്ച മാച്ചു ബോക്‌സെന്ന സിനിമയുടെ സാറ്റലൈറ്റ് ഏഷ്യാനെറ്റ് എടുത്തതിനെതിരെ് കടുത്ത വിമര്‍നങ്ങളാണ് കണ്ണന്‍ പെരുമുടിയുര്‍ നടത്തിയിരിക്കുന്നത്. അധികാരത്തില്‍ കടിച്ചു തൂങ്ങി വര്‍ഷങ്ങളായി ഇറങ്ങാതിരിക്കുന്നതിന്റെ ഗുട്ടന്‍സ് ഇതാണെന്നു അദ്ദേഹം പറയുന്നു. ഫിലിം ചേമ്പറിന് ഈ ചാനലുകാരെ നിലക്കു നിര്‍ത്താന്‍ കഴിയില്ലേയെന്നും നിര്‍മ്മാതാവ് ചോദിക്കുന്നു.

ഒന്നിനും കൊള്ളാത്ത, ഒരുപ്രതികരണ ശേഷിയും ഇല്ലാത്ത പ്രൊഡ്യൂസേഷ്‌സ് അസ്സോസിയേഷനിലെ അംഗങ്ങളായി ഞാനുള്‍പ്പടെയുളളവര്‍ മാറിയിരിക്കുന്നു എന്ന കുറ്റബോധം ഉള്‍ക്കൊണ്ടുകൊണ്ടു തന്നെയാണ് ഇതെല്ലാം പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം അധികാര ദുര്‍വിനിയോഗത്തിന്റെ ഉത്തമ ഉദാഹരണമാണ് ശ്രീ സുരേഷ് കുമാറിന്റെ ഈ പ്രവര്‍ത്തിയെന്നും അധികാരത്തിലിരിക്കുന്ന ഒരു മന്ത്രി ആ പദവി ഉപയോഗിച്ച് ലക്ഷങ്ങള്‍ കൈക്കുലി വാങ്ങുന്നതിനു തുല്യമാണിതെന്നും കണ്ണന്‍ പെരുമുടിയുറിനെ പിന്തുണച്ച് സംവിധായകന്‍ വിനയന്‍ പറഞ്ഞു.

പക്ഷേ അത്തരം അനീതിക്ക് കുടപിടിച്ച് പരസ്പരം സഹായിക്കുന്ന ഒരു വിഭാഗം സീനിയര്‍ നിര്‍മ്മാതാക്കള്‍ കേരളത്തിലുണ്ടന്നതാണ് നിര്‍ഭാഗ്യകരമായ കാര്യമെന്നും ശ്രീ കണ്ണന്‍ പെരുമുടിയൂര്‍ ഇത്തരം ഒരാരോപണം പോസ്‌ററ് ചെയ്തപ്പോള്‍ തന്നെ സീനീയര്‍ നിര്‍മ്മാതാവ് ശ്രീ സിയാദ് കോക്കര്‍ ഗ്രൂപ്പില്‍ നിന്നു ലെഫ്റ്റ് അടിച്ചതായി കണ്ടുവെന്നും അദ്ദേഹം പറഞ്ഞു.

തെറ്റു ചെയ്യുന്നത് ചൂണ്ടി കാണിക്കുന്നതു പോലും സഹിക്കാന്‍ കഴിയുന്നില്ല പലര്‍ക്കും. സ്വയം പ്രതികരിക്കാനുള്ള ശക്തി ആര്‍ജ്ജിക്കാതെ നിര്‍മ്മാതാക്കള്‍ക്ക് ഇനി നീതി ലഭിക്കില്ലെന്നും അതുവരെ ഈ വക ചൂഷണങ്ങള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.