ദിലീപിനെ ജയിലില്‍ പോയി കാണരുതെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്ന് കെപിഎസി ലളിത

single-img
19 September 2017

ദിലീപിനെ ജയിലില്‍ സന്ദര്‍ശിച്ചതില്‍ വിശദീകരണവുമായി നടി കെ.പി.എ.സി ലളിത. വ്യക്തിപരമായിട്ടാണ് താന്‍ ദിലീപിനെ കണ്ടതെന്നും തനിക്ക് അതിനുളള അവകാശമുണ്ടെന്നും കെപിഎസി ലളിത പറഞ്ഞു. ദിലീപിനെ തന്റെ മകന്റെ സ്ഥാനത്താണ് കാണുന്നത്. വ്യക്തിപരമായി ദിലീപിനെ കാണാന്‍ പാടില്ലെന്ന് പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും അവര്‍ വ്യക്തമാക്കി.

തന്റെ മകനാണെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തെരുവില്‍ തല്ലിക്കൊന്നോട്ടെ, താന്‍ പിന്തുണക്കുമെന്നും താന്‍ ദിലീപിനെ സന്ദര്‍ശിച്ചതില്‍ ആര്‍ക്കും എന്തും പറയാം. ഇക്കാര്യത്തില്‍ മറ്റൊന്നും പറയാനില്ലെന്നും കെപിഎസി ലളിത പറഞ്ഞു.

സംഗീതനാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തിരുന്നുകൊണ്ട് നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന ഒരു താരത്തെ കെപിഎസി ലളിത സന്ദര്‍ശിച്ചതിനെതിരെ ഏറെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് പ്രതികരണവുമായി താരം രംഗത്തെത്തിയത്.

ലളിതയെ അക്കാദമി അദ്ധ്യക്ഷ സ്ഥാനത്ത് നിന്ന് പുറത്താക്കണമെന്ന് നാടകപ്രവര്‍ത്തകന്‍ ദീപന്‍ ശിവരാമന്‍ ആവശ്യപ്പെട്ടിരുന്നു. ലളിതയുടെ നടപടിക്കെതിരെ നാടകപ്രവര്‍ത്തകര്‍ക്കിടയില്‍ കടുത്ത അതൃപ്തിയുണ്ടെന്നാണ് വിവരം.