ഹാദിയയെ മതം മാറ്റിയത് ഹോമിയോ മരുന്ന് നല്‍കിയാണെന്ന് കെ പി ശശികല

single-img
19 September 2017

ഹാദിയയെ മതം മാറ്റിയത് ഹോമിയോ മരുന്ന് നല്‍കിയാണെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ പി ശശികല. നിഷ്‌കളങ്ക ആയത് കൊണ്ടാണ് ഹാദിയയെ കുടുക്കാന്‍ പറ്റിയത്. അത്തരം ചില മരുന്നുകളൊക്കെ ഹോമിയോയില്‍ ഉണ്ടെന്ന് അറിവ് കിട്ടിയെന്നും ഇതേകുറിച്ച് അന്വേഷണം വേണമെന്നും ശശികല പറഞ്ഞു. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ശശികല വെളിപെടുത്തിയത്.

കോട്ടയത്ത് നടന്ന ശ്രീകൃഷ്ണ ജയന്തി പരിപാടിക്ക് ശേഷം താന്‍ ഹാദിയയുടെ നാട്ടില്‍ പോയിരുന്നു. എന്നാല്‍ ഹാദിയയെ കാണാന്‍ കഴിഞ്ഞില്ലെന്നും ശശികല പറഞ്ഞു. ഇവരെ കാണാന്‍ പോകുന്നതിനു മുമ്പായി തന്നോട് ഒരു ഹോമിയോ ഡോക്ടര്‍ ഒരു കാര്യം പറഞ്ഞിരുന്നു.

ഹോമിയോയില്‍ ഒരു മരുന്നുണ്ട്. മൈന്‍ഡ് അവരുടേത് അല്ലാത്ത വിധത്തില്‍ മാറ്റാന്‍ ചിലപ്പോഴൊക്കെ ചില രോഗികള്‍ക്കൊക്കെ, അത് കൊടുക്കാറുണ്ട്. അത്തരം മരുന്നാകാം ഇവിടെയും കൊടുത്തത്. ഹിന്ദുമതത്തില്‍ ജീവിച്ച 24 വയസുള്ള ഒരു പെണ്‍കുട്ടിയാണ് ഇപ്പോള്‍ സ്വര്‍ഗം, നരകം, സ്വര്‍ഗം, നരകം എന്നു പറഞ്ഞിരിക്കുന്നത്.

23 വയസു വരെ സ്വന്തമായി ചിന്തിക്കാനും തീരുമാനിക്കാനും കഴിയുമായിരുന്ന കുട്ടിയാണ് മാസങ്ങള്‍ കൊണ്ടുമാറിയത്. ഇതൊരു മയക്കുമരുന്നില്‍ പെട്ടതുപോലെയാണ്. മരുന്നു കൊടുത്ത് മനസുമാറ്റുന്നു എന്ന കാര്യത്തില്‍ വിദഗ്ധര്‍ അന്വേഷണം നടത്തി തെളിയിക്കണമെന്നും ശശികല പറഞ്ഞു.

ഹാദിയ ഹിന്ദുമതത്തിലേക്കാണോ ഇസ്ലാം മതത്തിലേക്കാണോ വരുന്നത് എന്നതല്ല പ്രശ്‌നം. ഇതിന്റെ പിന്നില്‍ നടക്കുന്ന കളികള്‍ വെളിയില്‍ വരണം. അഖിലയുടെ വിഷയത്തില്‍ മുസ്ലീം ലീഗിന്റെ പങ്ക് അന്വേഷിക്കണമെന്നും ശശികല പറഞ്ഞു.

ഹാദിയയുടെ വിവാഹം ലീഗിന്റെ ഒരു വക്കീലാണ് പാണക്കാട് തങ്ങളുടെ കാര്‍മികത്വത്തില്‍ നടത്തിക്കൊടുത്തത്. തങ്ങളുടെ ആശിര്‍വാദവും ഉണ്ടായിരുന്നു. മനുഷ്യാവകാശ കമ്മീഷനില്‍ പരാതിയുമായി പോയത് മുനവറലി തങ്ങളാണെന്നും ശശികല കൂട്ടിച്ചേര്‍ത്തു.