കെപിഎസി ലളിത ദിലീപിനെ കണ്ടതില്‍ തെറ്റില്ലെന്ന് കോടിയേരി: ‘തടവുകാരെ ആര്‍ക്കും പോയി കാണാം’

single-img
19 September 2017

ആലുവ സബ്ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിനെ ഇടതു ജനപ്രതിനിധികള്‍ സന്ദര്‍ശിച്ചതില്‍ അപാകതയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇവര്‍ ദിലീപിനെ കണ്ടത് വ്യക്തിപരമാണെന്നും അതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും കോടിയേരി പറഞ്ഞു. കെപിഎസി ലളിത ദിലീപിനെ കണ്ടതില്‍ തെറ്റില്ലെന്നും കോടിയേരി പറഞ്ഞു.

‘ജയിലില്‍ ആരെയെങ്കിലും പോയി കാണുന്നത് തെറ്റായി പറയാന്‍ സാധിക്കില്ല. തടവുകാരെ ആര്‍ക്കും പോയി കാണാം. ഞങ്ങളൊക്കെ ജയിലില്‍ കിടക്കുമ്പോള്‍ പാര്‍ട്ടി വിരുദ്ധന്മാരായ പലരും ഞങ്ങളെ വന്നു കണ്ടിട്ടുണ്ട്. വ്യക്തിപരമായി ബന്ധമുള്ളവര്‍ക്ക് പോയി കാണാവുന്നതാണ്. അതൊരു രാഷ്ട്രീയ പ്രശ്‌നമായി കാണേണ്ടതില്ലെന്നും–കോടിയേരി പറഞ്ഞു.

സംഗീത നാടക അക്കാദമിയുടെ തലപ്പത്ത് ഇരിക്കുന്ന ഒരാള്‍ ജയിലിലെത്തി ദിലീപിനെ കണ്ടതിനെതിരെ സാംസ്‌കാരിക രംഗത്തുനിന്നും വലിയ എതിര്‍പ്പുയര്‍ന്നിരുന്നു. ഇരയ്‌ക്കൊപ്പം നില്‍ക്കേണ്ടുന്ന ആളുകള്‍ വേട്ടക്കാര്‍ക്കൊപ്പമാണെന്നും ഇവര്‍ ആരോപിച്ചിരുന്നു. ഇതേപ്പറ്റി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചപ്പോഴായിരുന്നു കോടിയേരിയുടെ പ്രതികരണം.