അണ്ടര്‍ 17 ലോകകപ്പ്: കൊച്ചി സ്റ്റേഡിയത്തിലെ വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി

single-img
19 September 2017

അണ്ടര്‍ 17 ലോകകപ്പുമായി ബന്ധപ്പെട്ട സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങള്‍ അടയ്ക്കുമ്പോള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.

ജിസിഡിഎയോടാണ് (വിശാല കൊച്ചി വികസന സമിതി) കച്ചവടക്കാര്‍ക്കുള്ള നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവിട്ടിരിക്കുന്നത്. വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിനായി 25 ലക്ഷം രൂപ ജിസിഡിഎ ട്രഷറിയില്‍ നിക്ഷേപിക്കണം.

വ്യാപാരികള്‍ക്കുണ്ടാവുന്ന മൊത്തം നഷ്ടത്തിന്റെ 75 ശതമാനം നല്‍കാനാണ് കോടതി നിര്‍ദേശം. കടകള്‍ ഒഴിപ്പിക്കണമെന്ന ഫിഫയുടെ നിര്‍ദേശമനുസരിച്ചു ജിസിഡിഎ നോട്ടീസ് നല്‍കിയതു ചോദ്യം ചെയ്തു സ്റ്റേഡിയത്തിലെ വാടകക്കാരായ എറണാകുളം ചങ്ങമ്പുഴ നഗര്‍ വി. രാമചന്ദ്രന്‍ നായര്‍ ഉള്‍പ്പെടെ 46 വ്യാപാരികള്‍ നല്‍കിയ ഹര്‍ജിയാണു കോടതി പരിഗണിച്ചത്.

ലോകകപ്പിനു വേണ്ടി ഒക്ടോബര്‍ 25 വരെ കടമുറികള്‍ അടച്ചിടാനാണു നോട്ടീസ് നല്‍കിയിട്ടുള്ളത്. ലോകകപ്പിന് തയ്യാറെടുക്കാന്‍ രണ്ട് വര്‍ഷം സമയം കിട്ടിയിട്ടും ഇപ്പോഴാണോ ഒഴിഞ്ഞു പോകാന്‍ നോട്ടീസ് കൊടുത്തതെന്ന് അന്തിമവിധിക്കിടെ ഹൈക്കോടതി ജിസിഡിഎയോട് ചോദിച്ചു.

വ്യാപാരികള്‍ക്ക് നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു. തനിക്ക് നിശ്ചയിച്ച നഷ്ടപരിഹാരത്തില്‍ കുറവുണ്ടെന്ന് വ്യാപാരികള്‍ക്ക് തോന്നിയാല്‍ അവര്‍ക്ക് സിവില്‍ കോടതിയെ സമീപിക്കാമെന്നും കോടതി വ്യക്തമാക്കി.

കഴിഞ്ഞ ദിവസം നടന്ന വാദത്തിനിടെ ഫിഫയ്ക്ക് അവരുടെ സുരക്ഷാ മാനദണ്ഡങ്ങളുണ്ടെന്നും അതു വിട്ടുവീഴ്ചയില്ലാത്തതാണെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സുരക്ഷാ സംവിധാനങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണെന്നു ഹര്‍ജിക്കാരും ബോധിപ്പിച്ചു.

സ്ഥാപനങ്ങളെ ഒഴിപ്പിക്കുന്നതില്‍ സര്‍ക്കാരിനു വേണ്ടത്ര തയാറെടുപ്പുണ്ടായിരുന്നില്ലെന്നു കോടതി നിരീക്ഷിച്ചു. കളി നടക്കാന്‍ പോകുന്ന കാര്യം രണ്ടു വര്‍ഷം മുന്‍പു ഫിഫയുമായി ചര്‍ച്ച ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ കടക്കാര്‍ക്കു മുറി ഒഴിയാന്‍ മൂന്നു മാസം സാവകാശം നല്‍കണമായിരുന്നു.

ഓരോ കടക്കാര്‍ക്കും എത്ര നഷ്ടപരിഹാരം നല്‍കാനാവുമെന്നും കോടതി കഴിഞ്ഞ 16നു നടന്ന വാദത്തില്‍ സര്‍ക്കാരിനോട് ചോദിച്ചു. നഷ്ടപരിഹാരം നിശ്ചയിക്കാനുള്ള കമ്മിറ്റി രൂപീകരിക്കുകയാണെങ്കില്‍ അതില്‍ ആരെയൊക്കെ ഉള്‍പ്പെടുത്താനാവും, എത്ര തുക കെട്ടി വയ്‌ക്കേണ്ടി വരും തുടങ്ങിയ കാര്യങ്ങളും കോടതി സര്‍ക്കാരിനോട് ആരാഞ്ഞിരുന്നു.